കെ.പി.സി.സി പ്രസിഡന്‍റിന്​ രക്തദാഹം -സി.വി. വർഗീസ്

കട്ടപ്പന: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍റെ രക്തദാഹത്തിന്​ തെളിവാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനയെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്​ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ധീരജിന്‍റെ മരണം സി.പി.എം ഇരന്നുവാങ്ങിയതാണെന്നാണ് സുധാകരൻ പറഞ്ഞത്​. കൊലപാതകികൾക്ക്‌ അദ്ദേഹം പരസ്യമായി സംരക്ഷണം കൊടുക്കുകയാണെന്നും വർഗീസ്​ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒരു സംഘർഷവുമില്ലാതിരുന്ന പൈനാവ്‌ എൻജിനീയറിങ് കോളജിലെ തെരഞ്ഞെടുപ്പ്‌ പൂർത്തിയാക്കി വോട്ടെണ്ണൽ ഘട്ടത്തിലേക്ക്‌ എത്തിയപ്പോഴാണ്​ ധീരജ്‌ കൊല്ലപ്പെട്ടത്. കോളജിൽ പ്രശ്​നങ്ങളൊന്നുമില്ലായിരുന്നെന്നാണ്​ പ്രിൻസിപ്പൽ പറഞ്ഞത്​. കോളജ്​ യൂനിയൻ ഭരണം തങ്ങൾക്ക്‌ ലഭിക്കില്ലെന്ന് മനസ്സിലാക്കി നിരപരാധിയായ വിദ്യാർഥിയെ കൊന്ന് പ്രതികാരം തീർക്കുകയായിരുന്നു. ധീരജിനെ കൊല്ലാൻ വന്നത് നിഖിൽ പൈലി, ജെറിൻ ജോജോ, നിഥിൻ ലൂക്കോസ്, ടോണി തേക്കിലക്കാട്ട്, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി, ജിക്സൺ ജോർജ്, മാർട്ടിൻ പെരിഞ്ചേരിക്കുളം, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ്. ഇവരെല്ലാം കഠാരയുമായി മണിക്കൂറുകൾ​ക്കുമുമ്പ്‌ കോളജ്‌ പരിസരത്ത്‌ ഉണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ രക്തദാഹ രാഷ്ടീയത്തിനെതിരെ അടുത്ത മാസം 13, 14 തീയതികളിൽ ജില്ലയിലുടനീളം ബ്രാഞ്ച്, ലോക്കൽതലങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്. മോഹനൻ, കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.