മുടക്കിയത് കോടികൾ; ലഭിച്ചത്​ ദുരിതങ്ങൾ

അടിമാലി: ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുമ്പോഴും വികസനമെത്താതെ അവർ ദുരിതത്തില്‍. ദേവികുളം മണ്ഡലത്തിലെ ആദിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. വീട്, റോഡ്, ഭൂമി, തൊഴില്‍, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏഴുവര്‍ഷത്തിനിടെ 50 കോടിയിലേറെ മുടക്കിയിട്ടും ഇവയൊന്നും അവർക്ക്​ കൃത്യമായി ലഭിച്ചിട്ടില്ല. വീടില്ലാതെയും കുടിവെള്ളമില്ലാതെയും ദുരിതത്തിലാണ് താലൂക്കിലെ ഭൂരിഭാഗം ആദിവാസി കോളനികളും. കറത്തിക്കുടി, വേലിയാംപാറ, വെങ്കായപ്പാറ, മീന്‍കുത്തി, പെട്ടിമുടി, ഞാവല്‍പ്പാറക്കുടി, ചിന്നപ്പാറ, തലയൂരപ്പന്‍കുടി, ചൊക്രാമുടി, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്കായി അനുവദിച്ച നിരവധി ഭവനങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുത്. 2005ല്‍ 301 ആദിവാസികളെ സര്‍ക്കാര്‍ കുടിയിരുത്തിയ ചിന്നക്കനാലില്‍ ഇപ്പോള്‍ 50ല്‍ താഴെ ആദിവാസികളാണുള്ളത്​. ഒന്നര ഏക്കർ വീതം സ്ഥലം നല്‍കിയാണ് പുനരധിവസിപ്പിച്ചത്​. എന്നാൽ, ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയില്‍ ഏറിയപങ്കും വന്‍കിട റിസോര്‍ട്ട് നടത്തിപ്പുകാരുടെയും ഇടനിലക്കാരുടെയും കൈകളിലാണ്. ഇത് മനസ്സിലാക്കി മേഖലയിലെ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തയാറെടുപ്പിലാണ് റവന്യൂ വകുപ്പ്. ആനത്താര നശിപ്പിച്ചാണ് ഇവിടെ ആദിവാസികളെ കുടിയിരുത്തിയത്. കാട്ടാനശല്യം രൂക്ഷമായതാണ് ആദിവാസികള്‍ ഇവിടം ഉപേക്ഷിച്ച് പോകാന്‍ കാരണം. അടിമാലി, പള്ളിവാസല്‍, മാങ്കുളം പഞ്ചായത്തുകളില്‍ രണ്ടും, മൂന്നും വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ മേല്‍ക്കൂരയില്ലാതെ വെയിലും മഴയും കൊണ്ട് ഇടിഞ്ഞുവീഴാറായ നിലയിലാണ്. ആദിവാസികളുടെ പേരില്‍ പുറമേനിന്നുള്ള കരാറുകാര്‍ പണി എറ്റെടുക്കും. തുടര്‍ന്ന്, ആദിവാസികളെ കബളിപ്പിച്ച്​ കരാറുകാര്‍ മുങ്ങുന്നതോടെ ഇവര്‍ പെരുവഴിയിലാകും. ഇത്തരത്തില്‍ കൂടുതല്‍ വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത് കുറത്തിക്കുടിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.