മദ്യലഹരിയിൽ ഓഫിസിലെത്തിയ വില്ലേജ് അസിസ്റ്റന്‍റിന്​ സസ്പെൻഷൻ

മൂന്നാർ: മദ്യലഹരിയിൽ ജോലിക്കെത്തിയ വില്ലേജ് അസിസ്റ്റന്‍റിനെ കലക്ടർ സസ്പെൻഡ് ചെയ്തു. വട്ടവട വില്ലേജ് ഓഫിസിലെ അസി. റെജീഷിനെയാണ് കലക്ടർ ഷീബ ജോർജ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. കരമടക്കാൻ നാട്ടുകാർ ഓഫിസിലെത്തിയപ്പോഴാണ് മദ്യപിച്ച് ബോധമില്ലാതെ റെജീഷ്​ ഓഫിസിൽ ഇരിക്കുന്നത് കണ്ടത്. വില്ലേജ് ഓഫിസറുടെ കസേരയിൽ മറ്റൊരാളും മദ്യലഹരിയിൽ ഉണ്ടായിരുന്നു. ​നാട്ടുകാർ അറിയിച്ചതനുസരിച്ച്​ ദേവികുളം തഹസിൽദാർ ഷാഹിന രാമകൃഷ്ണൻ സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ ഓഫിസിൽനിന്ന്​ പോയിരുന്നു. ഓഫിസ് പരിസരത്തുനിന്ന്​ നാട്ടുകാർ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും കണ്ടെത്തി തഹസിൽദാർക്ക് കൈമാറി. വില്ലേജ് ഓഫിസറും മറ്റ് രണ്ട് ജീവനക്കാരും അവധിയിലായിരുന്നു. ഓഫിസിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളാണ് വില്ലേജ് ഓഫിസറുടെ കസേരയിൽ ഇരുന്നതെന്ന് പറയുന്നു. തഹസിൽദാറുടെ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിലാണ്​ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്​. മുൻപ് മാങ്കുളം വില്ലേജ് ഓഫിസിൽ ജോലിചെയ്തിരുന്ന ആളാണ് റെജീഷ്. മദ്യപിച്ച് ഓഫിസിൽ എത്തിയിരുന്നതിനാൽ നടപടി എടുത്താണ് വട്ടവടയിലേക്ക്​ മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.