എന്‍റെ ഇടുക്കി ഇനിയും​ പ്രതീക്ഷകളുണ്ട്

ടി.എം. എബ്രഹാം (നാടകകൃത്ത്​) TDL TM Abraham തൊടുപുഴക്കടുത്ത്​ നെയ്യ​ശ്ശേരിയാണ്​ എന്‍റെ സ്വദേശം. നെയ്യശ്ശേരി ഉണിച്ചിക്കവലയിൽനിന്നാണ്​ എന്‍റെ തറവാട്ടുവീട്ടിലേക്ക്​ തിരിയുന്നത്​. 21 വയസ്സുവരെ അവിടെയാണ്​ ജീവിച്ചത്​. എഫ്​.എ.സി.ടിയിൽ ജോലി കിട്ടിയതോടെ താമസം എറണാകുളത്തേക്ക്​ മാറ്റി. ഇപ്പോൾ ഇടപ്പള്ളിയിലാണ്​. എങ്കിലും മാസത്തിലൊരിക്കൽ ഞാൻ ജന്മനാട്ടിൽ എത്താറുണ്ട്​. 1970കളുടെ തുടക്കത്തിൽ ഒരിക്കൽ ഞാൻ എറണാകുളത്തുനിന്ന്​​ നെയ്യശ്ശേരിയിലെ വീട്ടിലേക്ക്​ പോകുമ്പോൾ മൂവാറ്റുപുഴ-തൊടുപുഴ അതിർത്തിയിൽ ഒരു സമരം നടക്കുന്നു. വാഹനങ്ങളെല്ലാം തടഞ്ഞ്​ യാത്രക്കാ​രെ ഇറക്കിവിടുകയാണ്​. അന്വേഷിച്ചപ്പോഴാണ്​ അത്​ ഇടുക്കി ജില്ല രൂപവത്​കരിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള സമരമാണെന്ന്​ അറിഞ്ഞത്​. പുതിയൊരു ജില്ലയെക്കുറിച്ച്​ ആദ്യം കേൾക്കുന്നത്​ അങ്ങനെയാണ്​. ഇടുക്കി ജില്ല രൂപപ്പെടുത്തിയതിൽ ആദ്യ കലക്ടർ എന്ന നിലയിൽ ഡോ. ഡി. ബാബു പോളിന്​ വലിയ പങ്കുണ്ട്​. ജില്ല ഉണ്ടായതോടെ ആ നാടിന്‍റെ ഭൂപ്രദേശങ്ങളും പ്രത്യേകിച്ച്​, ​ തൊടുപുഴയും പരിസരവും ഒരുപാട്​ വളർന്നു. എം.എൽ.എമാർ എന്ന നിലയിൽ പി.ജെ. ജോസഫും പി.ടി. തോമസുമെല്ലാം അതിനുവേണ്ടി പ്രവർത്തിച്ചവരാണ്​. കേരളത്തിലെ മറ്റ്​ സ്ഥലങ്ങളിൽ കാണുന്നത്ര ഗതാഗതക്കുരുക്ക്​ ഇല്ല എന്നത്​ തൊടുപുഴയുടെ പ്രത്യേകതയാണ്​. നിരവധി​ ബൈപാസുകൾ ഉള്ളതാകാം കാരണം. എറണാകുളത്ത്​ പി.ടി. തോമസുമായുള്ള അടുപ്പമായിരുന്നു എന്‍റെ ഇടുക്കി ബന്ധം. ഇടക്കിടെ വിളിക്കും. എന്‍റെ എഴുപതാം പിറന്നാളിന്​ പൊന്നാടയും മൊ​മന്‍റോയുമായി കാണാൻ വന്നിരുന്നു. പ്രതീക്ഷിച്ചളതിലും വരെ വേഗത്തിലാണ്​ ഇടുക്കിയുടെ വളർച്ച. എന്നാൽ, അടിസ്ഥാന സൗകര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്​. ഇടുക്കിയിൽ എല്ലായിടത്തൊന്നും പോകാൻ കഴിഞ്ഞിട്ടില്ല. മൂന്നാറും വട്ടവടയും കാന്തല്ലൂരുമെല്ലാം മനോഹര സ്ഥലങ്ങളാണ്​​. ജില്ലയിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും അവാർഡ്​ പരിഗണനക്കൊന്നും ആരുടെയും പേരുകൾ കിട്ടാറില്ല എന്നത്​ സംഗീത നാടക അക്കാദമിയുടെ ഭാരവാഹിയായി ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്​. ഈ കുറവ്​ നികത്തിയെടുക്കേണ്ടതുണ്ട്​. സർക്കാർ പ്രഖ്യാപിച്ച സാംസ്കാരിക സമുച്ഛയം പോലുള്ള പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ ഇടുക്കിയും ഈ മേഖലയിൽ സ്വയംപര്യാപ്​തമാകുമെന്ന്​ ​കരുതാം. (നാടകരചയിതാവും സംവിധായകനുമായ ടി.എം. എബ്രഹാം കേരള സാഹിത്യ അക്കാദമി അവാർഡ്​ ജേതാവും സംഗീത നാടക അക്കാദമി മുൻ വൈസ്​ ചെയർമാനുമാണ്​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.