പഞ്ചായത്ത് ഭരണം പോയതോടെ മൂന്നാർ കോൺഗ്രസിൽ പൊട്ടിത്തെറി

വിമർശനങ്ങൾക്ക്​ മറുപടിയില്ലാതെ നേതൃത്വം മൂന്നാർ: 11 വർഷത്തിനുശേഷം ഇടത്​ മുന്നണി മൂന്നാർ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. കഴിഞ്ഞദിവസം നടന്ന പ്രസിഡന്‍റ്​, വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ജയിച്ചതാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒരു വിഭാഗം തിരിയാൻ കാരണം. പ്രസിഡന്‍റായി കോൺഗ്രസിൽനിന്ന്​ സി.പി.ഐയിൽ എത്തിയ പ്രവീണ രവികുമാറും വൈസ് പ്രസിഡന്‍റായി കോൺഗ്രസിൽനിന്ന്​ സി.പി.എമ്മിൽ എത്തിയ എം. രാജേന്ദ്രനുമാണ്​ വിജയിച്ചത്​. കോൺഗ്രസിന്‍റെ പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ ഇടത് മുന്നണി നീക്കം നടത്തുന്നതായി മാസങ്ങൾക്കുമുമ്പേ പ്രചാരണമുണ്ടായിരുന്നു. ഇടത്​ മുന്നണിയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിയാതിരുന്ന നേതൃത്വത്തിനെതിരെയാണ് പാർട്ടിയിൽ പ്രതിഷേധം ശക്തമാകുന്നത്. നാലംഗങ്ങൾ കൂറുമാറാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും ഉറക്കം നടിച്ച് ഭരണം ബോധപൂർവം നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. അവിശ്വാസ പ്രമേയ നോട്ടീസ് ലഭിച്ച ശേഷവും കോൺഗ്രസ്​ അംഗങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ ആരും മുൻകൈ എടുത്തില്ലത്രേ. രണ്ട് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ ഒപ്പുവെച്ചെന്ന് ബോധ്യം വന്നിട്ടും രാഷ്ട്രീയതന്ത്രങ്ങൾ മെനയുന്നതിലും നേതൃത്വം പരാജയപ്പെട്ടെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിന് മുമ്പേ പ്രസിഡന്‍റ്​ രാജിവെച്ചതും തോൽവി സമ്മതിച്ചതിന് തുല്യമായാണ് വിലയിരുത്തൽ. രാജി വെയ്ക്കാതെ വിമതരെകൊണ്ട് വിപ്പ് ലംഘിച്ച് വോട്ടു ചെയ്യിച്ചിരുന്നെങ്കിൽ ഇരുവർക്കും എതിരെയുള്ള നിയമനടപടിക്ക് വേഗം കൂട്ടാൻ കഴിയുമായിരുന്നെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്. ഭരണം നഷ്ടപ്പെട്ടാലും നിലവിലെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും മാറ്റില്ലെന്ന കടുംപിടിത്തവും ദോഷം ചെയ്തത്രെ. പരസ്യമായും രഹസ്യമായും പാർട്ടി അംഗങ്ങൾ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ നേതൃത്വം ബുദ്ധിമുട്ടുകയാണ്. ചിത്രങ്ങൾ: പ്രസിഡന്‍റ്​ പ്രവീണ രവികുമാർ, ​​വൈസ്​ പ്രസിഡന്‍റ്​ എം. രാജേന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.