സർക്കാറിന്‍റെ വിത്ത്​ വിതരണം അപമാനിക്കലെന്ന്​ വട്ടവടയിലെ കർഷകർ​

നൽകുന്നത്​ പത്ത്​ ഗ്രാമിന്‍റെ വിത്ത് പാക്കറ്റുകൾ മൂന്നാർ: കേരളത്തിന്‍റെ ശീതകാല പച്ചക്കറി കൃഷി ആസ്ഥാനമായ വട്ടവടയിലെ കർഷകർ വിത്തും വളവും ലഭിക്കാൻ നഷ്ടം സഹിച്ച് ഇടത്തട്ടുകാരെ ആശ്രയിക്കേണ്ട ഗതികേടിൽ. യഥാസമയം മതിയായ അളവിൽ വിത്ത് ലഭിക്കാത്തതുമൂലം കൃഷി തുടരാനാവാതെ വലയുകയാണ് കർഷകർ. കൃഷി വകുപ്പിന്‍റെ നടപടി തങ്ങളെ അപമാനിക്കലാണെന്നും കർഷകർ പറയുന്നു. വട്ടവടയിലെ നൂറുകണക്കിന് ഏക്കർ ഭൂമിയിലാണ് വിവിധയിനം പച്ചക്കറികൾ വിളയിച്ച് കർഷകർ വിപണിയിൽ എത്തിക്കുന്നത്. കാരറ്റ്, ഉരുളക്കിഴങ്ങ്, പയറുകൾ, കോളിഫ്ലവർ, ബട്ടർ ബീൻസ്, കാബേജ് തുടങ്ങിയ പച്ചക്കറികൾ വൻതോതിലാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. കൃഷിക്ക്​ വൻതോതിൽ വിത്തും വളവും വാങ്ങുന്നതാണ് കർഷകരുടെ രീതി. എന്നാൽ, വീട്ടുമുറ്റത്ത് അടുക്കളത്തോട്ടം ഒരുക്കുന്ന സാധാരണക്കാരെപ്പോലെയാണ് കൃഷിവകുപ്പ് വട്ടവടയിലെ കർഷകരെയും പരിഗണിക്കുന്നത്. നഗരങ്ങളിലെ തെരുവോരങ്ങളിൽ 10 രൂപക്ക്​ വിൽക്കുന്ന 10 ഗ്രാം തൂക്കമുള്ള വിത്ത്​ പാക്കറ്റാണ് കൃഷിഭവൻ വഴി വട്ടവടയിലെ കർഷകർക്കും നൽകുന്നത്. പത്തും പതിനഞ്ചും ഏക്കർ ഭൂമിയിലാണ് ഓരോ കർഷകനും സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. ഒരേക്കർ ഭൂമിയിൽ ഗ്രീൻപീസ് വിതയ്ക്കാൻ കുറഞ്ഞത് 15 കിലോ വിത്താണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് കൃഷിവകുപ്പ് അടുക്കളത്തോട്ടങ്ങളിലേക്ക്​ തയാറാക്കിയ ചെറുകിട പാക്കറ്റുകൾ വട്ടവടയിലും വിതരണം ചെയ്യുന്നത്. യഥാസമയം വിത്തും വളവും മതിയായ അളവിൽ ലഭിക്കാതെ വരുമ്പോൾ സ്വകാര്യ വ്യാപാരികളെ ആശ്രയിക്കുകയാണ് കർഷകർ. കച്ചവടക്കാർ പറയുന്ന വില സമ്മതിച്ച് വിത്തും വളവും വാങ്ങുന്ന കർഷകർ വിളവും അവർ പറയുന്ന വിലയ്ക്ക് കൊടുക്കേണ്ടി വരും. ചിത്രം 1 വട്ടവടയിലെ കർഷകർ സ്വകാര്യ കച്ചവടക്കാരിൽനിന്ന്​ വാങ്ങിയ വിത്ത് ഉപയോഗിച്ച് ആരംഭിച്ച ഗ്രീൻപീസ് കൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.