ഉപരിപഠനത്തിന് സൗകര്യമില്ല; വിദ്യാർഥികൾ വലയുന്നു

അടിമാലി: അടിമാലി, ദേവിയാര്‍ ഗവ. ഹൈസ്‌കൂളുകളില്‍ പ്ലസ്ടു അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ അടിമാലിയില്‍ രണ്ട് മാനേജ്‌മെന്‍റ്​ സ്‌കൂളുകളാണുള്ളത്. ഇവിടെ പ്ലസ്ടുവിന് നിരവധി പഞ്ചായത്തുകളില്‍നിന്ന് കുട്ടികളെത്തുന്നതോടെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാർഥികള്‍ക്ക് സയന്‍സ്, കോമേഴ്‌സ് തുടങ്ങി വിഷയങ്ങള്‍ ലഭിക്കാറില്ല. അടിമാലി പഞ്ചായത്തിലെ ദേവിയാര്‍, അടിമാലി, തലമാലി, മച്ചിപ്ലാവ് ഹൈസ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളില്‍ കൂടുതലും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ദൂരെയുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിലെത്തിയാണ് പഠിക്കുന്നത്. കര്‍ഷകരും നിർധനരും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും കൂടുതലുള്ള പഞ്ചായത്തില്‍ ഇത്തരക്കാരുടെ മക്കള്‍ പഠിക്കാന്‍ വലിയതുക ചെലവാക്കേണ്ടതായും വരുന്നു. ഇതോടെ പത്താംക്ലാസ് വിജയിച്ചവര്‍ തുടര്‍പഠനത്തിന് അവസരമില്ലാതെ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണ്​. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും ഹയര്‍ സെക്കന്‍ഡറി വേണമെന്ന ദേവിയാർ സ്‌കൂളി‍ൻെറ ആവശ്യത്തിനുനേരെ വിദ്യാഭ്യാസവകുപ്പ് മുഖംതിരിക്കുകയാണ്. ഹൈറേഞ്ചിലെ ആദ്യകാല സ്‌കൂളുകളാണ് ദേവിയാറും അടിമാലിയും. ദേവിയാർ സ്കൂളിൽ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എട്ട്​ കുട്ടികള്‍ എ പ്ലസ് വാങ്ങി 96 ശതമാനം വിജയം നേടിയിട്ടുണ്ട്. മോശമല്ലാത്ത വിജയശതമാനമാണ് അടിമാലി സ്‌കൂളിനും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.