ഫോർട്ട്കൊച്ചി: എറണാകുളം-ഫോർട്ട്കൊച്ചി റൂട്ടിൽ വാട്ടർ മെട്രോ ചാർജ് 40 രൂപയില്‍നിന്ന് 50 ആക്കി ഉയർത്തിയതിൽ പ്രതിഷേധം ശക്തം. ഒറ്റയടിക്ക് പത്ത് രൂപയുടെ വർധനയാണ് വരുത്തിയത്. കൊച്ചിയിലെ ദ്വീപ് സമൂഹങ്ങളുമായി ബന്ധപ്പെടുത്തി സാധാരണക്കാർക്ക് ഗതാഗതം സുഗമമാക്കാനാണ് വാട്ടർ മെട്രോ എന്നാണ് പദ്ധതി ആരംഭിച്ചപ്പോൾ സർക്കാർ പറഞ്ഞിരുന്നത്. സംസ്ഥാന സർക്കാറിന് 74 ശതമാനവും, കെ.എം.ആർ.എല്ലിന് 24 ശതമാനവുമാണ് പങ്കാളിത്തം എന്നിരിക്കെയാണ് മുന്നറിയിപ്പൊന്നും കൂടാതെയുള്ള നിരക്ക് വർധന.
ഫോർട്ട്കൊച്ചിയില്‍ വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തപ്പോൾ തന്നെ ടിക്കറ്റ് നിരക്ക് കൂടുതലാണെന്നും കുറക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. നിരക്ക് കുറക്കുന്ന കാര്യം ആലോചിക്കുമെന്നാണ് അന്ന് അധികൃതർ പറഞ്ഞിരുന്നത്. എന്നാല്‍, വീണ്ടും യാത്രക്കാർക്ക് കൂടുതൽ ഭാരമായി നിരക്ക് വർധിപ്പിക്കുകയാണ് ചെയ്തത്. രണ്ട് വയസ്സ് മുതലുള്ള കുട്ടികൾ വരെ 50 രൂപ നിരക്ക് കൊടുത്ത് വേണം യാത്ര ചെയ്യാൻ. 60 വയസ്സിനു മുകളിലുള്ളവർക്കും ഇളവില്ല.
90 പേരെ കയറ്റാവുന്ന ബോട്ടിൽ 50 പേർക്കാണ് സിറ്റിങ് സൗകര്യം. ബാക്കിയുള്ളവർ നിന്നു തന്നെ യാത്ര ചെയ്യണം. അവധിക്കാല സീസണിൽ യാത്രക്കാർ വർധിച്ചിരിക്കെ വാട്ടർ മെട്രോ യാത്രക്കാരെ കൊള്ള ചെയ്യുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കൊച്ചിവണ്‍ സംഘടന ചെയർമാന് ഹാരീസ് അബു പറഞ്ഞു. അതേസമയം, വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ടില്‍ ഫോർട്ട്കൊച്ചിയിൽനിന്ന് എറണാകുളത്തേക്ക് പോകാന്‍ ആറ് രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.