അനീസ് സർദാർ, ശ്യാംചരൺ
പനങ്ങാട്: കുമ്പളം യോഗപ്പറമ്പിന് സമീപത്തുനിന്ന് കെ.എസ്.ഇ.ബിയുടെ കേബിൾ മോഷ്ടിച്ച രണ്ടുപേർ പനങ്ങാട് പൊലീസിന്റെ പിടിയിലായി. ഏലൂർ മഞ്ഞുമ്മൽ നമ്പൂതിരിപ്പറമ്പിൽ അനീസ് സർദാർ (52), ഉത്തർപ്രദേശ് ഗോരഖ്പൂർ ചുമ്നിലാൽ ശ്യാം ചരൺ (41) എന്നിവരാണ് പിടിയിലായത്. ഈമാസം 10ന് രാത്രിയാണ് മോഷണം നടന്നത്.
അരൂർ സ്വദേശിയായ കോൺട്രാക്ടറുടെ വർക്ക് കഴിഞ്ഞ ശേഷം ബാക്കി വന്ന 20,000 രൂപയുടെ കേബിളാണ് മോഷണം പോയത്. പിക്അപ് ഓട്ടോയുമായി വന്ന മോഷ്ടാക്കൾ കേബിൾ ചുറ്റിയിരുന്ന ഡ്രമ്മോടുകൂടി മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. സി.സി ടി.വി കാമറകൾ പരിശോധിച്ചതിലാണ് കൊടുങ്ങല്ലൂർ രജിസ്ട്രേഷനിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല.
തുടർന്ന് ഈ രജിസ്ട്രേഷനിലുള്ള നൂറോളം വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വാഹനം കണ്ടുകിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനീസ് സർദാർ മഞ്ഞുമ്മൽ ഭാഗത്തുനിന്നും ശ്യാം ചരൺ അങ്കമാലിയിൽനിന്നും പിടിയിലാകുന്നത്. പെരുമ്പാവൂരിലെ ആക്രിക്കടയിൽനിന്ന് മോഷണസാമഗ്രികൾ പൊലീസ് കണ്ടെടുത്തു.
പനങ്ങാട് സിഐ വിപിൻ ദാസിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ എം.എം. മുനീർ, എ. റഫീഖ്, ഉദ്യോഗസ്ഥരായ ശ്രീജിത്ത്, അരുൺ രാജ്, പ്രശാന്ത്, പി.എസ്. രാജേഷ്, സൈജു ദേവസ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.