പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിൽനിന്ന് 1.37 കോടി രൂപ തട്ടിയെടുത്ത കേസിൽ അക്കൗണ്ടന്റിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. സാധനങ്ങൾ വിറ്റുകിട്ടിയ തുകയിൽ നിന്നാണ് വൻ തുക തട്ടിയെടുത്തത്. കാവുങ്കര ഭാഗത്ത് പ്രവർത്തിക്കുന്ന കെ.എം.പി ആൻഡ് കമ്പനി എന്ന ഹോൾസെയിൽ പലചരക്ക് സ്‌ഥാപനത്തിലെ അക്കൗണ്ടന്‍റിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സ്‌ഥാപന ഉടമയായ മൂവാറ്റുപുഴ കോട്ടക്കുന്നേൽ വീട്ടിൽ ഷാജി (54) നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. 20 വർഷമായി സ്‌ഥാപനത്തിലെ അക്കൗണ്ടന്‍റായി ജോലി ചെയ്‌തിരുന്ന രണ്ടാർകര സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. 2025 ഏപ്രിൽ 20 മുതൽ 2026 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് കേസിനാസ്‌പദമായ തട്ടിപ്പ് നടന്നത്.
കടയിലെ സാധനങ്ങൾ വിറ്റ് കിട്ടുന്ന തുക, ഇന്ത്യൻ ബാങ്കിന്റെ ഐ.ടി.ആർ ജങ്ഷൻ ശാഖയിലുള്ള അക്കൗണ്ട് വഴി പല അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. പല തവണകളായി ആകെ 1,37,86,278 രൂപയാണ് ഇയാൾ ക്രമക്കേടിലൂടെ തട്ടിയെടുത്തതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷൻ ഗ്രേഡ് സബ് ഇൻസ്പെക്‌ടർ ബിനു വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.