പെരുമ്പാവൂർ കണ്ടന്തറ മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിദ് ജുനൈദ് അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: വഖഫ് ബോർഡിൽ മുസ്‍ലിമേത പ്രതിനിധികളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ മഹല്ലുകളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. കേരള മഹല്ല് കൂട്ടായ്മയുടെ ആഹ്വാനപ്രകാരം, വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷമായിരുന്നു പ്രതിഷേധം.
പെരുമ്പാവൂർ കണ്ടന്തറ മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മഹല്ല് കൂട്ടായ്മ ട്രഷറർ സി.വൈ. മീരാൻ ഹാജി അധ്യക്ഷത വഹിച്ചു. കണ്ടന്തറ ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിദ് ജുനൈദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. വഖഫ് ബോർഡിൽ മുസ്‍ലിമേത പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിന് അനുകൂലമായി സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് വഖഫ് ബോർഡിന്റെ നിയമപരമായ നിലയെ ദുർബലപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് വിഷയത്തിൽ സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു.
വല്ലം മുസ്‍ലി ജമാഅത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ജമാഅത്ത് പ്രസിഡന്റ് പി.യു. ഷിയാസ് അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം മുനീർ ഹുദവി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മഹല്ല് കൂട്ടായ്മ വൈസ് ചെയർമാനും വല്ലം മുസ്‍ലിം ജമാഅത്ത് വൈസ് പ്രസിഡന്റുമായ കെ. എ. അലിക്കുഞ്ഞ് ഹാജി മുഖ്യപ്രഭാഷണം നടത്തി. സർക്കാർ സ്വീകരിച്ച നിലപാട് വഖഫ് ബോർഡിനെയും വഖഫ് സ്വത്തുക്കളെയും കൂടുതൽ നിയമപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും, വഖഫ് വിഷയത്തിൽ വിശ്വാസിസമൂഹം ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നോട്ടുവരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് സെക്രട്ടറി എം.എ. അമീൻ സ്വാഗതവും ട്രഷറർ എം. ഇ. ജബ്ബാർ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.