കാ​ടു​മൂ​ടി​യ അ​തി​ഥി മ​ന്ദി​രം

അരേ ക്യാ ഹുവാ വാട്ടർ അതോറിറ്റി; കാടുകയറി നശിച്ച് വാട്ടർ അതോറിറ്റി അതിഥി മന്ദിരം

മൂവാറ്റുപുഴ: നഗരത്തിലെ കോർമല കുന്നിൽ കോടികൾ മുടക്കി നിർമിച്ച വാട്ടർ അതോറിറ്റിയുടെ അതിഥി മന്ദിരം കാടുകയറി നശിക്കുന്നു. 2015ൽ ഉണ്ടായ കാലവർഷ കെടുതിയിൽ കോർമലകുന്ന് ഇടിഞ്ഞതിനെ തുടർന്ന് അടച്ചുപൂട്ടിയ അതിഥി മന്ദിരം പതിറ്റാണ്ട് കഴിഞ്ഞിട്ടും തുറന്നുകൊടുക്കാൻ നടപടി ഉണ്ടായിട്ടില്ല.

നഗരമധ്യത്തിലെ വെള്ളൂർക്കുന്നം എൻ.എസ്.എസ് സ്കൂളിനു സമീപമാണ് ജലസംഭരണിയും ഇതിനു താഴെ അതിഥി മന്ദിരവും സ്ഥിതി ചെയ്യുന്നത്. കുന്ന് ഇടിഞ്ഞതിനെ തുടർന്ന് ജലസംഭരണിയുടെ പ്രവർത്തനം ഭാഗികമാക്കിയിരുന്നു. പൂർണതോതിൽ ജലം നിറച്ചാൽ സംഭരണി അപകടാവസ്ഥയിലാകുമെന്ന പ്രചാരണത്തെ തുടർന്നായിരുന്നു കടാതി, കാവുങ്കര, പെരുമറ്റം മേഖലകളിലേക്കടക്കം ജലം എത്തിക്കുന്ന സംഭരണിയിൽ ജലത്തിന്റെ അളവ് കുറച്ചത്.

സംഭരണി അപകടാവസ്ഥയിലാണെന്ന പ്രചാരണം ഉയർന്നതോടെ ഇവിടേക്ക് ആരും വരാതായി. ഇതോടെ ജലസംഭരണിയിലുണ്ടായ ചോർച്ച ഗെസ്റ്റ് ഹൗസിന്റെ മേൽക്കൂരക്കും നാശം വരുത്തുകയാണ്. ബംഗ്ലാവിലെ പല മുറികളിലും ലൈറ്റുകളില്ല. പരിസരമാകെ കാടുമൂടിയും കിടക്കുന്നു. പലവട്ടം ഇത് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.

അറ്റകുറ്റപ്പണി ഇല്ലാതായതോടെയാണ് അതിഥി മന്ദിരം നാശത്തിന്റെ വക്കിലായത്. മന്ത്രിമാരും ജനപ്രതിനിധികളും എത്തി ചർച്ച നടത്തുകയും കുടുംബസമേതം താമസിക്കുകയും ചെയ്‌തിരുന്ന ബംഗ്ലാവ് മൂവാറ്റുപുഴയുടെ അഭിമാന മന്ദിരമായിരുന്നു. 1998ലാണ് കുറ്റൻ ജലസംഭരണിയും ഇതിനു താഴെ അതിഥി മന്ദിരവും പ്രവർത്തനം ആരംഭിച്ചത്. ടി.എം. ജേക്കബായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.

12 ലക്ഷം ലിറ്റർ ജലം സംഭരിച്ച് പായിപ്ര പഞ്ചായത്തിലേക്ക് വിതരണം ചെയ്യുന്ന കൂറ്റൻ ജലസംഭരണിയെ താങ്ങിനിർത്തുന്ന പില്ലറുകൾക്ക് ഇടയിൽ വെറുതേ കിടന്ന ഭാഗം ഭിത്തി കെട്ടി മനോഹരമായ ബംഗ്ലാവ് ആക്കി മാറ്റുകയായിരുന്നു. വലിയ കോൺഫറൻസ് ഹാളും മുറികളും അടുക്കളയും ഉള്ള വിപുലമായ സൗകര്യങ്ങളും ബംഗ്ലാവിൽ ഉണ്ട്. 2015ൽ അറ്റകുറ്റപ്പണിക്ക് എസ്‌റ്റിമേറ്റ് തയാറാക്കി നൽകി അംഗീകാരം ലഭിച്ചിരുന്നെങ്കിലും ഇതിനിടയിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഐ.ബി പൂർണമായി അവഗണിക്കപ്പെട്ടു. നിലവിൽ ഒരു വാച്ചർ ഇവിടെ താമസിക്കുന്നുണ്ട്. 

Tags:    
News Summary - Are Kya Hua Water Authority; Water Authority Guest House destroyed by forest encroachment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.