കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സ്പോർട്സ് കോംപ്ലക്സാക്കി മാറ്റാനായി ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. സ്റ്റേഡിയം വികസനത്തിന് ആവശ്യമായ സ്ഥലവും കൂടുതൽ ഫണ്ടും കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇതിനായി സ്റ്റേഡിയം വികസന സമിതി രൂപവത്കരിച്ചു. ഉമ തോമസ് എം.എൽ.എ ചെയർമാനും നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ നൗഷാദ് പല്ലച്ചി ജനറൽ കൺവീനറായുമാണ് സമിതി.
സ്ഥലലഭ്യത ഉറപ്പാക്കിയ ശേഷം വിശദമായ പദ്ധതിരേഖ തയാറാക്കാൻ ധാരണയായി. ഫുട്ബാൾ ഗ്രൗണ്ട്, അത്ലറ്റിക് ട്രാക്ക്, ബാഡ്മിന്റൺ, വോളിബാൾ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയവ ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സാണ് സ്ഥാപിക്കുക. സ്റ്റേഡിയം വികസനത്തിന് ആദ്യഗഡു മൂന്നു കോടി രൂപ സ്പോർട്സ് കൗൺസിൽ അനുവദിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന് സമീപത്തെ പുറമ്പോക്കു കൂടി പ്രയോജനപ്പെടുത്തിയുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.
പ്രദേശവാസികൾക്കു കായിക വിനോദത്തിനും പരിശീലനത്തിനുമുള്ള സൗകര്യമാകും ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. ജില്ലതലത്തിലും സംസ്ഥാനതലത്തിലും കൊച്ചിയിൽ നടക്കുന്ന കായികമത്സരങ്ങളിൽ ചിലതിനെങ്കിലും ആതിഥേയത്വം വഹിക്കാനാകും വിധം തൃക്കാക്കര സ്റ്റേഡിയത്തെ സജ്ജമാക്കലാണ് രണ്ടാം ഘട്ടം ലക്ഷ്യം.സ്പോർട്സ് കൗൺസിൽ ഫണ്ടിനു പുറമേ നഗരസഭ ഫണ്ടും ഇതര ഏജൻസികളിൽ നിന്നുള്ള സഹായവും കണ്ടെത്തും.
നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, സി.പി.എം ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ്ബാബു, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.കെ. ജലീൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, കായിക യുവജന ക്ഷേമ െഡപ്യൂട്ടി ഡയറക്ടർ ജി. രമേശ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രോജക്ട് എൻജിനീയർ എസ്. ശ്രുതിരാജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.