ഷിബു പടപ്പറമ്പത്ത്, ടീന ടിനു
കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽ.ഡി.എഫിന്. സി.പി.എമ്മിലെ ഷിബു പടപറമ്പത്ത് പ്രസിഡന്റായും സി.പി.ഐയിലെ ടീന ടിനു വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫ് ഭരണം അട്ടിമറിച്ച് എൽ.ഡി.എഫ് പിന്തുണയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ഷേമ കാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ നേടിയ കോൺഗ്രസ് അംഗങ്ങളായ സിബി മാത്യു, ലിസി ജോളി, ഉഷ ശിവൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
18 അംഗ ഭരണസമിതിയിൽ ബാക്കിയുള്ള 15 അംഗങ്ങളിൽ എൽ.ഡി.എഫിലെ എട്ട് വോട്ട് ഷിബുവിനും ടീനക്കും ലഭിച്ചു. എതിർ സ്ഥാനാർഥികളായ കോൺഗ്രസിലെ ജിൻസി മാത്യുവിനും സന്ധ്യ ജെയ്സണും യു.ഡി.എഫിലെ അഞ്ചും സ്വതന്ത്ര ജിൻസിയ ബിജുവിന്റെ വോട്ടും ലഭിച്ചു. കോൺഗ്രസ് അംഗം സൗമ്യ ശശി തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ഷിബു 17-ാം വാർഡിലെയും ടീന ഒന്നാം വാർഡിലെയും അംഗമാണ്. പ്രസിഡന്റിനെയും മറ്റും അയോഗ്യനാക്കിയതിനെ തുടർന്ന് സി.പി.ഐയിലെ ടി.എച്ച്.നൗഷാദിനായിരുന്നു പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല.
നെല്ലിമറ്റം ടൗണിൽ നടന്ന ആഹ്ലാദ പ്രകടനത്തിന് എൽ.ഡി.എഫ് കൺവീനർ കെ.ഇ. ജോയി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ടി ബെന്നി,സി.പി.എം ഏരിയ കമ്മറ്റി അംഗങ്ങളായ അഭിലാഷ് രാജ്, അഷ്കർ കരീം, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ ടി.എച്ച്. നൗഷാദ്, ജോയ് അറമ്പൻകുടി. ഊന്നുകൽ ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ്, കവളങ്ങാട് ബാങ്ക് പ്രസിഡൻ്റ് യാസർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.