കൊച്ചി: ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘റോഷ്നി’ പദ്ധതി പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി ജില്ല ഭരണകൂടം. ഇതിന്റെ ഭാഗമായി പദ്ധതി വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കലക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അന്തർസംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമായ സാഹചര്യത്തിൽ, നിലവിൽ കാർഡില്ലാത്ത കുട്ടികൾക്കായി ജൂൺ 15 മുതൽ പ്രത്യേക ഡ്രൈവ് ആരംഭിക്കാൻ യോഗം നിർദേശിച്ചു. ജനന സർട്ടിഫിക്കറ്റില്ലാത്ത കുട്ടികൾക്ക് മെഡിക്കൽ ബോർഡ് വഴി പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റോ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ (ഡി.സി.പി.ഒ) സാക്ഷ്യപ്പെടുത്തിയ രേഖകളോ ഉപയോഗിച്ച് ആധാർ ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ ഐ.ടി മിഷനേയും സബ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണയേയും കലക്ടർ ചുമതലപ്പെടുത്തി.
പെരുമ്പാവൂർ, വെങ്ങോല മേഖലകളിൽ ഇപ്പോഴും നിലനിൽക്കുന്ന ബാലവേല തടയാൻ കർശന നടപടികൾ സ്വീകരിക്കണം. കേക്ക് പാക്കിങ് ഉൾപ്പെടെയുള്ള ജോലികളിൽ കുട്ടികളെ ഏർപ്പെടുത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ ഡി.സി.പി.ഒ, പൊലീസ്, ലേബർ എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത സർവേ നടത്തണം. ചെറിയ കുട്ടികളെ നോക്കാൻ വേണ്ടി മുതിർന്ന കുട്ടികൾ സ്കൂളിൽ പോകാതെ വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ പെരുമ്പാവൂർ പോലുള്ള സ്ഥലങ്ങളിൽ ഡേ-കെയർ സെന്ററുകളും ക്രഷുകളും ആരംഭിക്കണമെന്നും യോഗം നിർദേശിച്ചു. പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ നൂറോളം കുട്ടികളുടെ പട്ടിക തയാറാക്കി അസാപ് കേരള വഴി മൂന്ന്-നാല് മാസങ്ങൾ നീളുന്ന നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. അന്തർസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് കുടുംബശ്രീ അംഗത്വം നൽകി അവരുടെ മക്കളെ ബാലസഭകളുടെയും നൈപുണ്യ സഹായ ഗ്രൂപ്പുകളുടെയും ഭാഗമാക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. തൊഴിലിടങ്ങളിലെ പീഡനങ്ങളും പരാതികളും കേൾക്കുന്നതിന് എല്ലാ മാസങ്ങളിലും ജില്ല ലേബർ ഓഫിസിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പുകൾ നടത്താൻ ജില്ല ലേബർ ഓഫിസർക്ക് (എൻഫോഴ്സ്മെന്റ്) യോഗം നിർദേശം നൽകി. ജില്ല ശിശു സംരക്ഷണ ഓഫിസർ ജയന്തി പി നായർ, റോഷ്നി ജില്ല കോഓഡിനേറ്റർ സി.കെ. പ്രകാശ്, റോഷ്നി അക്കാദമിക് കോഓഡിനേറ്റർ ജയശ്രീ കുളക്കുന്നത്ത്, നവകേരളം ജില്ല കോഓഡിനേറ്റർ എസ് രഞ്ജിനി, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ ടി. എം. റജീ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ മക്കളായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി ആവിഷ്കരിച്ച പദ്ധതിയാണ് റോഷ്നി. ജില്ലയിലെ 40 സ്കൂളുകളിലാണ് റോഷ്നി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ കീഴിൽ 40 വളന്റിയർമാരും 2200ഓളം കുട്ടികളുമാണുള്ളത്.
ജില്ല പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സർവശിക്ഷ അഭിയാൻ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് ജില്ല ഭരണകൂടം പദ്ധതി നടപ്പാക്കുന്നത്. മലയാളഭാഷയിൽ വിദ്യാർഥികൾക്ക് പ്രാവീണ്യം നൽകുന്നതിനുള്ള കോഡ് സ്വിച്ചിങ്, ലഘുപ്രഭാത ഭക്ഷണം, ശിൽപശാലകൾ, പഠനയാത്രകൾ തുടങ്ങിയവയാണ് റോഷ്നി പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.