94 ഒന്നും ഒരു പ്രായമല്ലന്നേ...; വയസ്സല്ല വാർധക്യം എന്ന് തെളിയിച്ച് രാജഗോപാലിന്‍റെ ജീവിതം
കൊച്ചി: വയസ്സ് 94നോടടുക്കുന്നു. എങ്കിലും രാജഗോപാൽ പുലർച്ചെ മൂന്നരക്ക് ഉണർന്ന് സ്വന്തമായി ഒരു ചായയിട്ട് കുടിച്ച് അഞ്ചോടെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കാനെത്തും. ഒരു മണിക്കൂർ നടത്തം കഴിഞ്ഞാൽ പിന്നെ പതിവ് ദിനചര്യകളിലേക്ക്. വാർധക്യത്തോടടുക്കുമ്പോൾ വയ്യേ എന്ന് പറഞ്ഞ് വീടകങ്ങളിൽ ഒതുങ്ങിക്കൂടുന്നവർക്ക് ഈ പ്രായത്തിലും ദീർഘദൂര ഓട്ടങ്ങളിൽ പങ്കെടുക്കുന്ന, രാതിയിലും തിരക്കേറിയ കൊച്ചി നഗരത്തിലൂടെ കാർ ഓടിക്കുന്ന രാജഗോപാലിന്‍റെ ജീവിതം മാതൃകയാക്കാം.
എറണാകുളം ചിറ്റൂർ ഇയ്യാട്ടുമുക്ക് ‘രഞ്ജിനി’യിൽ പി. രാജഗോപാൽ 1933 ജൂലൈ 12ന് പാലക്കാട്ടാണ് ജനിച്ചത്. 60 വർഷമായി കൊച്ചിയിൽ താമസം. പത്താം ക്ലാസ് കഴിഞ്ഞ് റോയൽ ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നെങ്കിലും മൂന്ന് വർഷമേ അവിടെ തുടർന്നുള്ളൂ. മേലധികാരികളോട് വാശി പിടിച്ച് വിടുതൽ വാങ്ങുകയായിരുന്നു. അതിനാൽ ആനുകൂല്യങ്ങളൊന്നും കിട്ടിയില്ല. നാട്ടിലെത്തി പാലക്കാട് വിക്ടോറിയ കോളജിൽ ബി.എസ്സി പഠനം പൂർത്തിയാക്കി കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ ഗ്ലാസ് നിർമാണ കമ്പനിയിൽ ജോലിക്ക് ചേർന്നു. ഇതേസമയം പാർട്ട് ടൈമായി പഠിച്ച് എൻജിനീയറിങ് ഡിപ്ലോമയും നേടി.
കളമശ്ശേരി മഞ്ഞുമ്മലിൽ ട്രാവൻകൂർ ഗ്ലാസ് നിർമാണ കമ്പനി തുടങ്ങിയപ്പോൾ അവിടെ അസി. എൻജിനീയറായി നിയമനം ലഭിച്ചു. പിന്നീട് ഒരു വിദേശകമ്പനിയുടെ ചെന്നൈയിലെ മാർക്കറ്റിങ് വിഭാഗത്തിലേക്ക് മാറി. 1962ൽ കൊച്ചി ഓഫിസിലേക്ക് സ്ഥലം മാറിയ അദ്ദേഹം 1985ൽ കമ്പനി നിർത്തുന്നതുവരെ അവിടെ തുടർന്നു.
പിന്നീട്, കേരളത്തിലെ വിവിധ ജില്ലകളിൽ ക്രഷറുകൾക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ ഗുജറാത്തിൽ നിന്ന് എത്തിച്ചുകൊടുക്കുന്ന ബിസിനസ് തുടങ്ങി. പ്രതീക്ഷിച്ചതലും വിജയമായിരുന്നു. 70 വയസ്സ് വരെ ആ ബിസിനസിൽ തുടർന്നു. പുകവലിയും മദ്യവും പൂർണമായും അകറ്റി നിർത്തിയതാണ് തന്‍റെ ആരോഗ്യ രഹസ്യമെന്ന് രാജഗോപാൽ പറയുന്നു. മദ്യത്തോടുള്ള വിരോധമാണ് പട്ടാളം വിടാനും പ്രേരിപ്പിച്ചത്. പച്ചക്കറിയും പഴങ്ങളും ദിവസവും രണ്ട് മുട്ടയുമാണ് ഭക്ഷണം.
മാംസാഹാരം കഴിക്കില്ല. ഹെർണിയയുടെയും കണ്ണിന്‍റെയും ശസ്ത്രക്രിയക്കല്ലാതെ ഇതുവരെ ഡോക്ടറെ കാണുകയോ ആശുപത്രിയിൽ കിടക്കുകയോ ചെയ്തിട്ടില്ല. ജീവിത ശൈലി രോഗങ്ങളുടെ അലട്ടലൊന്നുമില്ല. വീടിന്‍റെ ടെറസ്സിൽ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇപ്പോഴും സ്കൂട്ടറും കാറും ഓടിക്കും. ഡ്രൈവിങ് ലൈസൻസിന് 97 വയസ്സ് വരെ കാലാവധിയുണ്ട്. പുലർച്ചെ ഒരു മണിക്കൂർ നടത്തം തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. നഗരത്തിൽ നടക്കുന്ന ദീർഘദൂര ഓട്ടങ്ങളിലെല്ലാം പതിവ് സാന്നിധ്യമാണ് രാജഗോപാൽ. പരേതയായ റിട്ട. അധ്യാപിക നളിനിയാണ് ഭാര്യ. റിട്ട. കുസാറ്റ് ഉദ്യോഗസ്ഥ ഡോ. മിനി ഉള്ളനാട്ട്, കൊച്ചി വിമാനത്താവള പി.ആർ.ഒ മാലിനി എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.