സ്വകാര്യ ബസുകാർക്ക് മൂക്കുകയർ; 22 ദിവസത്തെ പരിശോധനയിൽ 2,003 പെറ്റിക്കേസുകൾ
കൊച്ചി: മെട്രോ നഗരത്തിലെ നാൾക്കുനാൾ വർധിച്ചുവരുന്ന സ്വകാര്യ ബസുകാരുടെ പരാക്രമങ്ങൾക്കും നിയമലംഘനങ്ങൾക്കും മൂക്കുകയറിടാൻ പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടികളുമായി രംഗത്ത്. കൊച്ചി നഗരത്തിൽ സർവിസ് നടത്തുന്ന ബസുകളിലെ ജീവനക്കാരുടെ നിയമലംഘനങ്ങൾക്കെതിരെയാണ് സിറ്റി പൊലീസ് നടപടി കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സെപ്റ്റംബർ ഒമ്പതുമുതൽ 30 വരെ നടത്തിയ പരിശോധനയിൽ 2003 പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്തു.
മദ്യപിച്ചോടിക്കൽ; 41 കേസുകൾ
മദ്യപിച്ച് വാഹനമോടിച്ചതിന് 41 കേസുകളാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തത്. അപകടകരവും അലക്ഷ്യമായും വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു. അമിതമായി ഹോൺ മുഴക്കൽ, മത്സരയോട്ടം, ഡോറുകൾ തുറന്നിട്ട് യാത്ര ചെയ്യൽ, നിശ്ചിത റൂട്ടിൽനിന്ന് വ്യതിചലിച്ച് സർവിസ് നടത്തൽ തുടങ്ങിയ നിയമലംഘനങ്ങൾക്കുൾപ്പെടെ 2,003 പെറ്റിക്കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ചും അപകടകരമായും വാഹനമോടിച്ച ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾക്ക് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി.
പൊലീസ് വെരിഫിക്കേഷൻ; 1,383 അപേക്ഷകൾ
നിയമലംഘനങ്ങൾ ഒഴിവാക്കാൻ ബസ് ജീവനക്കാർക്ക് പൊലീസ് നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്. ബസ് ജീവനക്കാർക്കുള്ള പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനായി 1,383 അപേക്ഷകൾ ലഭിച്ചതായും പരിശോധനകൾ പുരോഗമിക്കുകയാണെന്നും സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. പരിശോധനയും നിയമനടപടികളും വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നടപടി കർശനമാക്കി വാഹനവകുപ്പും
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഡ്രൈവിങ്ങിനുമെതിരെ മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞദിവസം നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ വ്യാപക പരിശോധനയിൽ 80 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമലംഘനങ്ങളിലായി 1.30 ലക്ഷം രൂപ പിഴ ഈടാക്കിയതായി വകുപ്പ് അധികൃതർ അറിയിച്ചു.
പൊലീസ് കേസുകൾ ഇങ്ങനെ..
യൂനിഫോം ധരിക്കാത്തതിന് - 407
മദ്യപിച്ച് വാഹനമോടിക്കൽ - 41
അപകടകരവും അലക്ഷ്യമായും ഓടിക്കൽ - 71
മത്സരയോട്ടം - 130
ലൈസൻസില്ലാത്ത കണ്ടക്ടർമാർ - 259
ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തൽ - 54
സിഗ്നൽ നിയമലംഘനം - 23
സ്റ്റോപ്പിൽ നിർത്താത്തത് - 280
ഡോറുകൾ തുറന്നിട്ട് യാത്ര - 221
അമിതമായി ഹോൺ മുഴക്കൽ - 13
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.