ബസുകളുടെ മത്സരയോട്ടവും അമിതവേഗവും; 80 കേസുകളിലായി 1.30 ലക്ഷം പിഴ
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടം, അമിതവേഗം, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഡ്രൈവിങ് എന്നിവക്കെതിരെ മോട്ടോർ വാഹന വകുപ്പ് എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ വ്യാപക പരിശോധനയിൽ 80 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമലംഘനങ്ങളിലായി ഏകദേശം 1.30 ലക്ഷം രൂപ പിഴ ഈടാക്കിയതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന. അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് എറണാകുളം, കലൂർ, ആലുവ, വൈറ്റില, തൃപ്പൂണിത്തുറ, തേവര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചുള്ള സർവീസ്, സാധുവായ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, ട്രിപ്പ് കർട്ടിൽമെന്റ്, യാത്രക്കാരെ അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ, ബസിന്റെ ഡോർ ഷട്ടർ തുറന്നിട്ടുകൊണ്ട് സർവീസ് നടത്തുക, വാഹനങ്ങളിൽ അനധികൃതമായി മാറ്റങ്ങൾ നടത്തുക, വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് മറച്ചുവയ്ക്കുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. യാത്രക്കാരുടെ സുരക്ഷക്ക് ഗുരുതര ഭീഷണിയാകുന്ന രീതിയിലുള്ള ഡ്രൈവിങ്ങാണ് പ്രത്യേകമായി പരിശോധിച്ചത്. ബസ് സ്റ്റോപ്പുകളിൽ നിർത്താതെ അമിതവേഗത്തിൽ മുന്നോട്ടുപോകുക, മത്സരയോട്ടം, അനുവദനീയമായ രീതികൾ പാലിക്കാതെ സർവീസ് നടത്തുക എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തി.
നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ നിയമാനുസൃത നടപടി സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്വകാര്യ ബസുകളുടെ സർവീസിൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ബസുകളുടെ സർവീസ് നിയമാനുസൃതമാക്കാനുമായി പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
പ്രധാന ബസ് റൂട്ടുകളിലും തിരക്കേറിയ മേഖലകളിലും പരിശോധന കൂടുതൽ ശക്തമാക്കും.
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും സംബന്ധിച്ച് യാത്രക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എറണാകുളം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ബിജു ഐസക്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.