കൊച്ചി: കാലിലെ രക്തധമനിയിൽ അടിഞ്ഞ കാല്‍സ്യം കേരളത്തിലാദ്യമായി ഐ.വി.എല്‍ (ഇൻട്രാവാസ്കുലര്‍ ലിതോട്രിപ്സി) എന്ന നൂതന ചികിത്സാരീതിയിലൂടെ നീക്കം ചെയ്തു. വളരെക്കാലമായി പ്രമേഹം മൂര്‍ച്ഛിച്ച് ഉണങ്ങാത്ത വ്രണവും കാലുവേദനയുമായി രണ്ടാഴ്ച മുമ്പ് വി.പി.എസ് ലേക്ഷോറില്‍ പ്രവേശിപ്പിച്ച 75കാരനാണ് ആശ്വാസം ലഭിച്ചത്. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടൻറുമാരായ ഡോ. സിബി ഐസക്, ഡോ. ആനന്ദ് കുമാർ എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി.
ഒരുവര്‍ഷമായി കടുത്ത കാലുവേദന അനുഭവിച്ചിരുന്ന രോഗിയില്‍ നടത്തിയ വാസ്കുലാർ ഡോപ്ലര്‍ പരിശോധനയിലാണ് രക്തധമനിയിൽ രക്തപ്രവാഹം തീരെ കുറഞ്ഞതായി കണ്ടെത്തിയത്. കാലിലേക്കുള്ള പ്രധാന ധമനി കാല്‍സ്യം അടിഞ്ഞ് ഏതാണ്ട് പൂർണമായും അടഞ്ഞിരുന്നു. സാധാരണ ആൻജിയോപ്ലാസ്റ്റി ബലൂണുകൾക്ക് നീക്കം ചെയ്യാൻ പറ്റാത്തത്ര കഠിനമായ കാൽസിഫിക്കേഷൻ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഐ.വി.എല്‍ എന്ന നൂതന സാങ്കേതികവിദ്യയുടെ സഹായം തേടാൻ ഡോക്ടർമാർ തീരുമാനിച്ചത്.
ബ്ലോക്കായ ഭാഗത്ത് ശബ്ദതരംഗങ്ങള്‍ സൃഷ്ടിക്കുന്ന സവിശേഷബലൂണാണ് ഐ.വി.എല്ലില്‍ ഉപയോഗിക്കുന്നത്. ഈ ശബ്ദതരംഗങ്ങളിൽനിന്നുള്ള ഊർജം കാൽസ്യത്തെ പൊടിക്കാൻ സഹായിക്കുന്നു. തുടർന്ന് സ്റ്റെൻറുകൾ സ്ഥാപിച്ച് രക്തപ്രവാഹവും സാധാരണ നിലയിലാക്കി. ഇതോടെ കാലുവേദന മാറുകയും വ്രണം ഉണങ്ങാൻ തുടങ്ങുകയും ചെയ്തു.
അരക്കെട്ടിനു താഴെയുണ്ടാക്കുന്ന ചെറിയൊരു ദ്വാരത്തിലൂടെ (പിൻഹോള്‍) ലോക്കല്‍ അനസ്തേഷ്യയുടെ സഹായത്താല്‍ ഏറ്റവും കുറവ് സങ്കീർണതകളോടെ ചെയ്യാവുന്ന പ്രക്രിയയാണ് ഐ.വി.എല്ലെന്ന് ചികിത്സക്ക് നേതൃത്വം വഹിച്ച ഡോ. സിബി ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.