1.പ്രതികൾ തകർത്ത അമ്പലമേട് പൊലീസ് സ്റ്റേഷൻ 2. പ്രതികളായ അജിത്ത്,അഖിൽ,ആദിത്യൻ
കരിമുഗൾ: മോഷണക്കേസിൽ പിടികൂടിയ പ്രതികൾ സ്റ്റേഷനിലെ ലോക്കപ്പും മേശയുടെ ഗ്ലാസും തല്ലിത്തകർത്തു. കരിമുഗൾ സ്വദേശികളായ അജിത്ത് ഗണേശൻ (28), അഖിൽ ഗണേശൻ (26), ആദിത്യൻ (23) എന്നിവരാണ് പ്രതികൾ. അജിത്തും അഖിലും സഹോദരങ്ങളാണ്.
സ്വകാര്യ വ്യക്തിയുടെ അടഞ്ഞു കിടക്കുന്ന ഫ്ലാറ്റിൽ മോഷണം നടത്തുന്നതിനിടെ വ്യാഴാഴ്ച പുലർെച്ച ഒന്നിന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ അമ്പലമേട് പൊലീസ് പിടികൂടിയത്. സ്റ്റേഷനിൽ വന്നപ്പോൾ മുതൽ ഇവർ അക്രമാസക്തരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലോക്കപ്പിനുള്ളിലെ വെള്ളത്തിന്റെ പൈപ്പുകളും ഗ്രില്ലുകളും ഉൾപ്പെടെ പ്രതികൾ തകർത്തു. മേശയുടെ മുകളിലുണ്ടായ ഗ്ലാസും കമ്പ്യൂട്ടറും തകർത്തു. 30,000 ലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി എ.സി.പി പി.വി. ബേബി പറഞ്ഞു.
ലോക്കപ്പിൽ കിടന്ന് വനിത പൊലീസുകാരോട് ഉൾപ്പെടെ മോശമായി പെരുമാറുകയും ബക്കറ്റിൽ വെള്ളം എടുത്ത് പൊലീസുകാരുടെ ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തു. പ്രതികളെ മൂന്ന് മണിയോടെ മെഡിക്കൽ എടുക്കുന്നതിന് കൊണ്ടുപോകാനായി സ്റ്റേഷനിൽനിന്ന് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചതിനിടെ ഇവർ പൊലീസിനെ ആക്രമിച്ചു. ഇതിനിടെ പ്രതികളുടെ ബന്ധുക്കൾ വാഹനം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
തുടർന്ന് തൃക്കാക്കര എ.സി.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ കൊണ്ടുപോയത്. മോഷണത്തിനും സ്റ്റേഷനിലെ സാമഗ്രികൾ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും പ്രതികൾക്കെതിരെയും പ്രതികളെ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ച വാഹനം തടഞ്ഞ ബന്ധുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് എ.സി.പി പറഞ്ഞു.
പിടിയിലായ അഖിൽ 18 കേസിൽ പ്രതിയാണ്. ഒരു വർഷം മുമ്പാണ് കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. അജിത്ത് 14 കേസുകളിൽ പ്രതിയാണ്. കഞ്ചാവ്, മോഷണം, അടിപിടി കേസുകളിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.