കൊച്ചി: കോർപറേഷനിലെ ദേവൻകുളങ്ങര 32ാം വാർഡ് സ്ത്രീസംവരണമായി നിലനിർത്തിയതിനെതിരെ ഹൈകോടതിയിൽ ഹരജി. പഴയ 38ാം വാർഡിന്റെ 82.59 ശതമാനം ഭാഗവും ഉൾപ്പെടുത്തിയതാണ് പുതിയ വാർഡെന്നും 2020ലെ തെരഞ്ഞെടുപ്പിൽ 38ാം വാർഡ് വനിതസംവരണമായിരുന്നതിനാൽ ഇത്തവണ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് മുൻ കൗൺസിലർ കെ.എ. വിജയകുമാറാണ് ഹരജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ തവണ സംവരണമായിരുന്നതിനാൽ ഇത്തവണ ഈ വാർഡിനെ സംവരണ വാർഡുകൾ കണ്ടെത്താനുള്ള നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കണമായിരുന്നെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, കോർപറേഷൻ സെക്രട്ടറിയുടെ നിർദേശ പ്രകാരം തദ്ദേശ സ്വയം ഭരണ ഡയറക്ടർ (അർബൻ) 32ാം വാർഡിനെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ വാർഡിനെ സംവരണത്തിലാക്കിയത് റദ്ദാക്കി ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും ഹരജി തീർപ്പാകും വരെ സംവരണ നിർണയ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.