സംരക്ഷണ ഭിത്തിയില്ലാത്ത അത്താണി കനാൽ പാലം
പട്ടിമറ്റം: നെല്ലാട്-കിഴക്കമ്പലം റോഡ് നിർമാണം പൂർത്തിയായതോടെ അത്താണിക്കാർക്ക് ഇനി ആശങ്കയുടെ നാളുകൾ. അത്താണി കനാൽ പാലത്തിന് സംരക്ഷണഭിത്തി നിർമിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ അപകടങ്ങൾ സംഭവിക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. തേക്കടി-എറണാകുളം സംസ്ഥാന പാതയുടെ ഭാഗമായ പട്ടിമറ്റത്തിനടുത്ത് അത്താണിയിൽ പെരിയാർ വാലി കനാൽ ക്രോസിങ്ങിലാണ് അപകടം പതിയിരിക്കുന്നത്.
നേരത്തേ ഇവിടെ തൃപ്പൂണിത്തുറയിൽനിന്നുള്ള കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കനാലിൽ വീണിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. ഇതിനുമുമ്പ് മറ്റൊരു കാറും നിയന്ത്രണംവിട്ട് കനാലിൽ പതിച്ച് സമീപവാസിയായ ഡ്രൈവർ മരിച്ചിരുന്നു.
റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കോടികൾ മുടക്കിയാണ് പൂർത്തിയാക്കിയത്. ഇനിയൊരു അപകടത്തിന് കാത്തുനിൽക്കാതെ സംരക്ഷണഭിത്തി നിർമാണം ഉടൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോര മേഖലകളിൽനിന്ന് ജില്ല ഭരണസിരാകേന്ദ്രമായ കാക്കനാട്ടേക്കും എറണാകുളത്തേക്കും എളുപ്പം എത്തുന്ന വഴിയാണിത്. സ്കൂൾ ബസുകളടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മൂവാറ്റുപുഴയിൽനിന്ന് പള്ളിക്കരയിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്. മനയ്ക്കക്കടവ്-നെല്ലാട് റോഡിന്റെ ഭാഗമാണ് ഇവിടം.
വഴിയെക്കുറിച്ചും കനാലിനെക്കുറിച്ചും ധാരണയില്ലാത്തവർ ഇതുവഴി വന്നാൽ അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണ്. അപകട മുന്നറിയിപ്പിനുള്ള സൂചന ബോർഡുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. കനാലിന്റെ ഏറ്റവും താഴ്ചയേറിയ ഭാഗമാണ് ഇവിടം. റോഡ് നിരപ്പിൽനിന്ന് 30 അടിയിൽ കൂടുതൽ താഴ്ചയിലാണ് കനാൽ. റോഡുപണി പൂർത്തിയായതോടെ വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് ഇതുവഴി വരുന്നത്. കനാൽ ക്രോസിങ്ങിൽ വാഹനങ്ങൾ സൈഡ് നൽകേണ്ടി വന്നാൽ അപകടസാധ്യത കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.