1.അയ്യമ്പുഴ പഞ്ചായത്തിലെ പര്യടനത്തിനിടെ തന്നെ കാണാനെത്തിയ വയോധികയോട് കുശലാന്വേഷണം നടത്തുന്ന യു.ഡി.എഫ് സ്ഥാനാർഥി റോജി എം.ജോൺ 2. എൽ.ഡി.എഫ് സ്ഥാനാർഥി സാജു പോൾ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ സമരം നടത്തുന്ന നഴ്സുമാരെ സന്ദർശിച്ചപ്പോൾ 3. എൻ.ഡി.എ സ്ഥാനാർഥി പ്രോമി കുര്യാക്കോസ് തെരഞ്ഞെടുപ്പ് ചിഹ്നമായ ‘ചക്ക’ വയോധികയായ വോട്ടർക്ക്

പരിചയപ്പെടുത്തുന്നു

സ്ഥാനാർഥിയോടൊപ്പം

മലയും കാടും താണ്ടി റോജി

അങ്കമാലി: മലയും കാടും താണ്ടിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി റോജി എം. ജോണിന്‍റെ അയ്യമ്പുഴ പഞ്ചായത്തിലെ പര്യടനം. രാഹുൽ ഗാന്ധിയുടെ ഇഷ്ടതോഴൻ, രാഹുലിനെപ്പോലൊരു നാടിന്റെ സംരക്ഷകൻ, അങ്കമാലിയുടെ പ്രിയ നേതാവ് റോജി ഇതാ... നമ്മുടെ മുന്നിലേക്ക് കടന്നു വരുന്നൂ...അനുഗ്രഹിക്കു അമ്മമാരേ... അനൗൺസ്മെൻറ് വാഹനം കടന്ന് വരുമ്പോൾ സ്ത്രീ തൊഴിലാളികളും വീട്ടമ്മമാരും മുതൽ വിശ്രമജീവിതം നയിക്കുന്ന വയോധികർ വരെ വഴിയോരങ്ങളിലും കവലകളിലും സ്ഥാനാർഥിയെ കാണാൻ ആവേശത്തോടെ ഓടി എത്തി.

വയോധികരെ ചേർത്ത് പിടിച്ചാണ് റോജി അവരെ അഭിസംബോധന ചെയ്തതും പരിചയപ്പെടുത്തിയതും. യോഗത്തിന് ശേഷം അവരോട് കുശലാന്വേഷണം നടത്തിയും ഒപ്പം ഫോട്ടോ എടുത്തുമാണ് മടങ്ങിയത്.

നിയോജകമണ്ഡലം കണ്‍വീനര്‍ ടി.എം. വര്‍ഗീസ്, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.ഒ. വര്‍ഗീസ്, ചെയര്‍മാന്‍ കെ.എ. ജോയി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സെബി കിടങ്ങേന്‍ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. മഞ്ഞപ്രയിൽ 18 കേന്ദ്രങ്ങളിലും അയ്യമ്പുഴയിൽ 22 കേന്ദ്രങ്ങളിലുമാണ് സ്വീകരണം നൽകിയത്. ഇതോടെ, ഒന്നാം ഘട്ട പര്യടനം ഏതാണ്ട് പൂർത്തിയായി.

സാജു പോളിന് 27 കേന്ദ്രങ്ങളിൽ സ്വീകരണം

എൽ.ഡി.എഫ് സ്ഥാനാർഥി സാജു പോൾ വിശ്രമമില്ലാതെയാണ് പ്രചാരണം അരങ്ങ് തകർക്കുന്നത്. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കാനുള്ള ശ്രമത്തിലാണ്. അയ്യമ്പുഴ, മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. ഇരുപഞ്ചായത്തുകളിലേയും 27 കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

രണ്ടാം ഘട്ട നഴ്സിങ് സമരം ആരംഭിച്ച അങ്കമാലി എൽ.എഫ് ആശുപത്രിയിലെ സമരപന്തലിലെത്തി നഴ്സുമാരുടെ ആവലാതികൾ കേട്ടു. അവരുടെ ന്യായമായ ആവശ്യങ്ങൾ ശ്രദ്ധാപൂർവം കേട്ട സ്ഥാനാർഥി പ്രശ്ന പരിഹാരത്തിന് മുൻകൈയെടുക്കാമെന്ന് ഉറപ്പ് നൽകി. അയ്യമ്പുഴയിൽ കൺവീനർ പി.സി. പൗലോസ്, ചെയർമാൻ രാജു തോമസ്, നീലീശ്വരത്ത് ചെയർമാൻ വി.എ. ജോയി, കൺവീനർ സി.എസ്. ബോസ്, മലയാറ്റൂരിൽ ചെയർമാൻ പി.എൻ. ശ്രീജു, കൺവീനർ പി.ജെ. ബിജു എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.കെ. ഷിബു എന്നിവർ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിച്ചു.

ചിഹ്നം പരിചയപ്പെടുത്തി പ്രോമിയുടെ പര്യടനം

എൻ.ഡി.എ സ്ഥാനാർഥി പ്രോമി കുര്യക്കോസിന്റെ പര്യടനം മൂക്കന്നൂർ പഞ്ചായത്തിൽ പൂർത്തിയായി. എൻ.ഡി.എ സഖ്യത്തിൽപ്പെട്ട ട്വൻറി ട്വൻറിയുടെ സ്ഥാനാർഥിയായ പ്രോമി, മൂക്കന്നൂർ പഞ്ചായത്തിലെ ആഴകം, വട്ടേക്കാട്, മൂക്കന്നൂർക്കവല, പാലാക്കവല, പൂതംകുറ്റി, താബോർ തുടങ്ങിയ പ്രദേശങ്ങളിലും ഉൾഗ്രാമങ്ങളിലെ തൊഴിൽ മേഖലകൾ കേന്ദ്രീകരിച്ചുമാണ് പ്രധാനമായും വോട്ടർമാരെ കണ്ടത്.

വേനൽ ചൂട് പ്രശ്നമാക്കാതെയാണ് പര്യടനം. നമ്മുടെ നാട്ടിൽ സുലഭമായ ചക്കയാണ് തന്റെ അടയാളമെന്നും എന്നെ മറന്നാലും പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ചിഹ്നം മറക്കരുതെന്നുമാണ് പ്രായം ചെന്ന വോട്ടർമാരോട് ചിഹ്നം കാട്ടിയുള്ള പ്രോമിയുടെ അഭ്യർഥന നേതാക്കളായ എൻ.എ. മണി, സി.എം ബിജു, കെ.ഒ. ഫ്രാൻസിസ്, ജോണി തോട്ടക്കര തുടങ്ങിയവരാണ് സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നത്. 

Tags:    
News Summary - with the candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.