പേപ്പർ ക്ഷാമം വീണ്ടും; പാഠപുസ്തകങ്ങളുടെ അച്ചടി നിർത്തിവെച്ചു

കാക്കനാട്: വിദ്യാഭ്യാസ വകുപ്പിന് വേണ്ടിയുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വീണ്ടും പ്രതിസന്ധിയിൽ. പുസ്തകം അച്ചടിക്കുന്ന സർക്കാർ ഏജൻസിയായ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ ആവശ്യത്തിന് പേപ്പർ ഇല്ലാതെ വന്നതോടെ അച്ചടി നിർത്തിവെക്കുകയായിരുന്നു. ഇതോടെ സ്കൂൾ തുറക്കുന്നതിനു മുമ്പ് മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകം എത്തിക്കാൻ കഴിഞ്ഞേക്കില്ല.

പേപ്പർക്ഷാമം രൂക്ഷമായതോടെ തിങ്കളാഴ്ച കെ.ബി.പി.എസിലെ അച്ചടി ഭാഗികമായി നിർത്തിയിരുന്നു. നേരത്തേ രാത്രി ഷിഫ്റ്റ് ഒഴിവാക്കുകയായിരുന്നു. എന്നാൽ, മുഴുവൻ പേപ്പർ റീലുകളും തീർന്നതോടെ വ്യാഴാഴ്ച രാവിലെ അച്ചടി നിർത്തി. രണ്ടാഴ്ച മുമ്പും സമാന പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് പത്രവാർത്തകളെ തുടർന്ന് കെ.ബി.പി.എസ് മാനേജ്മെന്‍റ് ഇടപെടുകയും അടിയന്തരമായി പേപ്പർ എത്തിക്കുകയും ചെയ്താണ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഇതിനായി കെ.ബി.പി.എസിന്‍റെ തനത് ഫണ്ടിൽനിന്ന് 17 കോടിയോളം ചെലവാക്കിയിരുന്നു.

എന്നാൽ, പേപ്പർ എത്തി ഒരാഴ്ച കഴിയുന്നതിന് മുമ്പ് വീണ്ടും സമാന സ്ഥിതി ആവർത്തിക്കുന്ന സാഹചര്യമായി. സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധികളെത്തുടർന്നായിരുന്നു പേപ്പർ വാങ്ങാനാവാത്ത സ്ഥിതി വന്നത്. പുസ്തകം അച്ചടിച്ച വകയിൽ 250 കോടിയോളം രൂപയാണ് സർക്കാറിൽനിന്ന് ലഭിക്കാനുള്ളത്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവക്കായുള്ള തനത് ഫണ്ടിൽ നിന്ന് പണം എടുത്ത് അച്ചടി പൂർത്തിയാക്കുകയും പിന്നീട് സർക്കാറിൽനിന്ന് ഈ പണം ഈടാക്കുകയും ചെയ്യുന്നതാണ് രീതി. എന്നാൽ, വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് അച്ചടിക്ക് ആവശ്യമായ തുക നൽകാതെ വന്നതോടെയാണ് പ്രതിസന്ധി കനത്തത്.

Tags:    
News Summary - Paper shortage again; The printing of textbooks was stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.