പ്രതീകാത്മക ചിത്രം
പെരുമ്പാവൂര്‍: മോഷണക്കുറ്റം ആരോപിച്ച് പ്ലൈവുഡ് കമ്പനിയില്‍ അസം സ്വദേശി നൂറുല്‍ ഹുസൈനെ (26) ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറുപ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അസം സ്വദേശികളായ അലാവുദ്ദീന്‍ (32), ജാക്കിര്‍ ഹുസൈന് (42), ഹബീബുദ്ദീന്‍ (32), മുസമ്മില്‍ ഹഖ് (27), ഹച്ചെന്‍ അലി (37), മിനാറുൽ (32) എന്നിവരെയാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച റിമാന്‍ഡ് ചെയ്തത്.
പ്രതികള്‍ ജോലി ചെയ്തിരുന്ന പെരുമ്പാവൂർ മുടിക്കല്‍ വഞ്ചിനാട്ടെ എ.എം. വിനീര്‍ എന്ന സ്ഥാപനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നൂറുല്‍ ഹുസൈന് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്നതിനിടെ പ്രതികള്‍ കണ്ടതിനെ തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്ന്ന് പിടികൂടിയാണ് കമ്പനി വളപ്പിലെ മുറിയിലും സമീപത്തുംവെച്ച് മര്‍ദിച്ചത്. ഉരുളന്‍ തടി ഉപയോഗിച്ചുള്ള അതിക്രൂര മര്‍ദനമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. തലക്കേറ്റ മാരക പരിക്കും ആന്തരികാവയവങ്ങളിലെ ക്ഷതവും അസ്ഥികള്‍ ഒടിഞ്ഞതും മരണകാരണമായി.
മര്‍ദനമേറ്റ് അവശനായി വീണ യുവാവിനെ തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിലേക്ക് മാറ്റുകയായിരുന്നു. മരണം ഉറപ്പായതോടെ പ്രതികളില്‍ മൂന്നുപേര്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് അപകടത്തില്‍ പരിക്കേറ്റതാണെന്ന് ഡോക്ടറെ ധരിപ്പിച്ചു. സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.
പ്രതികള്‍ യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കമ്പനിയിലെ മറ്റൊരു തൊഴിലാളിയുടെ മകന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പൊലീസിന്റെ പരിശോധനയില്‍ ഈ ഫോണ്‍ കണ്ടെടുത്തത് കേസില്‍ നിര്‍ണായക തെളിവായി.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുഴുവന്‍ പ്രതികളെയും വേഗത്തില്‍ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട നൂറുല്‍ ഹുസൈന് മുമ്പ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂര്‍ത്തിയാക്കി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
നെടുമ്പാശ്ശേരി: മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞദിവസം കൊലപ്പെടുത്തിയ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുടിക്കൽ വഞ്ചിനാടുള്ള സ്ഥാപനത്തിലാണ് മോഷ്ടാവ് എന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. അസം നഗോൺ സ്വദേശി നൂറു ഹുസൈൻ (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പോലീസ് നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്ന് പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന അതിഥി വെൽഫയർ ഫോറം എന്ന സംഘടന വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മൃതദേഹം കയറ്റി അയച്ചു. കൊച്ചിയിൽ നിന്നും ഡൽഹിക്ക് കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ എത്തും. തുടർന്ന് മൃതദേഹം രാവിലെ ഒമ്പതോടെ ഗുവാഹട്ടി വിമാനത്താവളത്തിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.