മട്ടാഞ്ചേരി ബോട്ട് ജെട്ടിക്ക് സമീപം കായലിൽ എക്കൽ നിറഞ്ഞ നിലയിൽ
മട്ടാഞ്ചേരി: കായലിൽ എക്കൽ നിറഞ്ഞതോടെ മട്ടാഞ്ചേരി ജെട്ടിയിലേക്കുള്ള സർവിസ് മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കോടികൾ മുടക്കി നവീകരിച്ച് രണ്ടുമാസം മുമ്പ് തുറന്നു കൊടുത്ത ജെട്ടിയിലേക്കുള്ള സർവിസാണ് തടസ്സപ്പെട്ടത്.
ജെട്ടിയുടെ നവീകരണത്തിനൊപ്പം ഡ്രഡ്ജിങ് ഉൾപ്പെടെ നടത്തിയാണ് ജെട്ടിയുടെ ഉദ്ഘാടനം നടത്തിയത്. ഡ്രഡ്ജിങ് സംവിധാനത്തിലെ പോരായ്മകൾ സംബന്ധിച്ച് തുടക്കം മുതൽ തന്നെ നാട്ടുകാർ പരാതികൾ ഉയർത്തിയിരുന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടിരുന്നില്ല. കായലിൽ നിന്ന് കോരിയെടുത്ത ചളി കടലിൽ കൊണ്ടുപോയി കളയണമെന്നായിരുന്നു കരാർ എങ്കിലും കായലിലെ വെള്ളത്തിൽ തന്നെ കലക്കുകയാണെന്ന പരാതികൾ വരെ ഉയർന്നിരുന്നു.
ജെട്ടിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും വേലിയേറ്റം കണക്കാക്കി ആകെ 11 സർവിസുകൾ മാത്രമായിരുന്നു നടത്തിയിരുന്നത്. നിലവിൽ എക്കൽ മൂലം ഈ സർവിസിനും വിഘ്നം വന്നിരിക്കുകയാണ്. ജെട്ടിയിലേക്ക് ബോട്ട് കയറി വരുന്ന കായൽ മേഖലയിൽ എക്കൽ നിറഞ്ഞ് കിടക്കുന്നതാണ് നിലവിലെ പ്രശ്നം. ടൂറിസ്റ്റ് കേന്ദ്രമായതിനാൽ വിദേശികൾ അടക്കം ദിനേന ആയിരത്തോളം യാത്രക്കാർ സർവിസിനെ ആശ്രയിക്കുന്നുണ്ട്. അടിയന്തരമായി ശരിയായ വിധം ഡ്രഡ്ജിങ് നടത്തി സർവിസ് സുഗമമാക്കണമെന്നാണ് യാത്രികർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.