കൊച്ചി: യൂട്യൂബ് നോക്കി പല കാര്യങ്ങളും നമ്മൾ പഠിക്കാറുണ്ട്. അച്ഛനോടൊപ്പം യൂട്യൂബ് നോക്കി അഭ്യുദയ് പഠിച്ചതാകട്ടെ ഡിസ്കസ് ത്രോയും. ജില്ല കായിക മേളയിൽ പങ്കെടുത്ത് ഈ പ്ലസ് വൺ വിദ്യാർഥി മടങ്ങുന്നത് സ്വർണവുമായി. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ 30.41 മീറ്റർ എറിഞ്ഞാണ് സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ വിദ്യാർഥി സ്വർണം നേടിയത്. ഫല പ്രഖ്യാപനത്തിൽ ആശയക്കുഴപ്പവും ഉടലെടുത്തിരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിന്റെ ഫലം ബുധനാഴ്ചയാണ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.
ഒരു മത്സരാർഥി കൂടി പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച നടന്ന മത്സരത്തിന്റെ ഫലം അധികൃതർ തടഞ്ഞുവച്ചത്. ബുധനാഴ്ച കുട്ടി വന്ന് എറിഞ്ഞെങ്കിലും എല്ലാ ത്രോയും ഫൗളായതോടെ അഭ്യുദയ് തന്നെ ഒന്നാം സ്ഥാനം നിലനിർത്തി. ബുധനാഴ്ച നടന്ന ഷോട്ട് പുട്ടിൽ അഭ്യുദയ് വെങ്കലവും നേടി.
ചെറുപ്പം മുതലേ കരാട്ടെ അഭ്യസിക്കുന്ന അഭ്യുദയ്ക്ക് കായികഇനങ്ങോടുള്ള ആഗ്രഹം കാരണമാണ് ഡിസ്കസ് ത്രോ പഠിക്കാൻ ആരംഭിച്ചത്. ഓട്ടോ ഡ്രൈവറായ പിതാവ് പി.എ. ശ്രീകുമാറാണ് ആദ്യ ഗുരുവും. കഴിഞ്ഞ ഒരു വർഷമായി സ്കൂളിലെ കായിക അധ്യാപകൻ എൻ.എസ്. സുധീഷിന്റെ കീഴിലും എല്ലാ ദിവസവും പരിശീലനം നടക്കുന്നുണ്ട്. പക്ഷെ കഴിഞ്ഞ വർഷം ആദ്യമായി കായിക മേളയിൽ പങ്കെടുക്കാനെത്തിയ അഭ്യുദയ് എറിഞ്ഞതെല്ലാം ഫൗൾ ആയതിനാൽ നിരാശനായി മടങ്ങേണ്ടി വന്നു.
തളരാതെ വീണ്ടും പരിശീലനം തുടങ്ങിയ താരം മഹാരാജാസ് കോളജിൽ നടന്ന ജൂനിയർ അത്ലറ്റിക് കായിക മേളയിൽ ഡിസ്കസിലും ഷോട്ട് പുട്ടിലും സ്വർണം നേടി തിരിച്ചുവരവ് ഗംഭീരമാക്കി. സംസ്ഥാന ജൂനിയർ കരാട്ടെ ചാമ്പ്യനുമാണ് അഭ്യുദയ്. ഹേമയാണ് മാതാവ്. ദമ്പതികളുടെ ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.