കളമശ്ശേരി: ഓണാഘോഷം ലക്ഷ്യമിട്ട് ‘‘പൂത്തിരി’’ എന്ന പ്രത്യേക കോഡിൽ രാസലഹരി വിൽപന നടത്തിയിരുന്നയാളെ പിടികൂടി. ആലുവ ഈസ്റ്റ് കൊടികുത്തുമല സ്വദേശി മുറ്റത്ത് ചാലിൽ വീട്ടിൽ മുസാബിർ മുഹമ്മദിനെ (33) ആണ് എറണാകുളം റേഞ്ച് എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്ന് 9.178 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സ്മാർട്ട് ഫോണും കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഷെഫീക്ക് ഹനീഫ എന്നയാളെ രണ്ടാം പ്രതിസ്ഥാനത്ത് ചേർത്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ "പൂത്തിരി " എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ബാംഗ്ലൂരിൽ നിന്ന് മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം സമൂഹ മാധ്യമങ്ങളിലെ ഇവരുടെ പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘‘പൂത്തിരി ഓണായിട്ടുണ്ട്’’ എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും.
ഓൺലൈനായി പണം സ്വീകരിച്ച ശേഷം മയക്ക് മരുന്ന് പ്രത്യേക രീതിയിൽ വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു വിൽപ്പനയുടെ രീതി. ഓണാഘോഷത്തിന്റെ ഭാഗമായി എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കളമശ്ശേരിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലായതിന് ശേഷവും നിരവധി കോളുകളാണ് ഇയാളുടെ ഫോണിലേക്ക് വന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.