കൊച്ചി: കൊച്ചി വാട്ടർ മെട്രോക്ക് 2026ലെ ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡ് നഷ്ടപ്പെട്ടെങ്കിലും ഈ രംഗത്തെ ലോകത്തെ മൂന്ന് പ്രശസ്ത ബ്രാൻഡുകളിലൊന്നായി മാറാൻ കഴിഞ്ഞത് കൊച്ചി വാട്ടർ മെട്രോക്ക് അഭിമാന നേട്ടമായി. ലോകത്തെ പ്രമുഖ രാജ്യങ്ങളോട് മൽസരിച്ചാണ് വാട്ടർ മെട്രോ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്.
ഒന്നാം സ്ഥാനം ബ്രസീലിലെ സാൽവദോർ നഗരത്തിനാണെങ്കിലും ലോകത്തിലെ മുൻനിര സുസ്ഥിര ഗതാഗത സ്ഥാപനമായ ന്യൂയോർക്ക് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്മെന്റ് പോളിസി (ഐ.ടി.ഡി.പി) നിയോഗിച്ച ജൂറി വാട്ടർ മെട്രോക്ക് പ്രത്യേക പരാമർശം നൽകി ആദരിച്ചു. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ വൈദ്യുതി ബസ് ഫ്ലീറ്റ് വികസിപ്പിച്ചതിന് ചിലിയിലെ സാന്റിയാഗോക്കും പ്രത്യേക പരാമർശം ലഭിച്ചു. മലിനീകരണം കുറക്കാനും ഗതാഗത സൗകര്യം വർധിപ്പിക്കാനും നടത്തിയ നിക്ഷേപങ്ങൾ എങ്ങനെ നഗരജീവിതം മാറ്റിമറിച്ചെന്ന് ഈ മൂന്ന് നഗരങ്ങളും തെളിയിക്കുന്നതായി ഐ.ടി.ഡി.പി വിലയിരുത്തി.
വ്യാപ്തിയിലും വേഗതയിലുമാണ് സാൽവദോർ മുന്നിലെത്തിയതെങ്കിലും നവീനതയിലൂടെയാണ് കൊച്ചി വേറിട്ടുനിന്നത്. റോഡുകളും റെയിലും മാത്രമല്ല, ജലപാതകളെ ദൈനംദിന പൊതുഗതാഗതമാക്കുന്ന അപൂർവമായ ആഗോള മാതൃകയാണ് കൊച്ചി വാട്ടർ മെട്രോ അവതരിപ്പിച്ചത്. നഗരത്തിലെ പത്ത് ദ്വീപുകളിലുടനീളം യാത്രയെ മാറ്റിമറിച്ച പദ്ധതിയെന്ന നിലയിലാണ് ഐ.ടി.ഡി.പി കൊച്ചി വാട്ടർ മെട്രോയെ പരിഗണിച്ചത്.
ഇതുവരെ 60 ലക്ഷത്തോളം പേർ യാത്രചെയ്തിട്ടുണ്ട്. 20 ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ പ്രവർത്തിക്കുന്ന ഈ സംവിധാനം, റോഡിലൂടെ ഒരു മണിക്കൂർ എടുത്തിരുന്ന യാത്ര ജലപാതയിലൂടെ ആക്കിയതോടെ 20 മിനിറ്റായി ചുരുക്കിയതോടൊപ്പം, ചെലവ് ഏകദേശം പകുതിയായി കുറക്കുകയും ചെയ്തെന്ന് ജൂറി വിലയിരുത്തി. കുറഞ്ഞ മലിനീകരണമുള്ള ഏകീകൃത ജലഗതാഗതത്തിനുള്ള ആഗോള പഠന മാതൃകയായി വാട്ടർ മെട്രോ മാറിയിട്ടുണ്ട്.
എൽസൽവദോറിനോട് മൽസരിച്ച് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് ഒരു പരാജയമല്ല, മറിച്ച് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കുതിക്കാനുള്ള പ്രേരണയാണെന്ന് കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ എന്നിവയുടെ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വാട്ടർ മെട്രോ ഇതിനകം തന്നെ ശക്തവും സുസ്ഥിരവുമായ ഗതാഗത സംവിധാനമാണ്. എന്നാൽ ആഗോള മൽസരത്തിൽ എൽ സാൽവദോറിന് നമ്മൾ പിന്നിലായത് ചില കാര്യങ്ങളിൽ മാറ്റത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്.
കൊച്ചിക്ക് ജലഗതാഗത രംഗത്ത് ആഗോള നേതൃസ്ഥാനത്തേക്ക് ഉയരണമെങ്കിൽ ഹൈഡ്രജൻ ഇന്ധനത്തിലുള്ള ബോട്ടുകളിലേക്ക് മാറണം. ഇന്ത്യയിൽ ഇതിനകം തന്നെ ഹൈഡ്രജൻ ബോട്ടുകൾ യാഥാർഥ്യമായിട്ടുണ്ട്. ഇപ്പോൾ ചെലവ് കൂടുതലായിരിക്കാം, എങ്കിലും ഈ മാറ്റം ഒഴിവാക്കാനാവാത്തതാണ്. ഇത് ഒരു പരാജയമല്ലെന്നും സാങ്കേതിക നവീകരണത്തിനുള്ള ശക്തമായ പ്രേരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജലസമ്പത്ത് സമൃദ്ധമായ നഗരങ്ങളിലെ സുസ്ഥിര ഗതാഗതത്തിനുള്ള മാതൃകയായി കൊച്ചി വാട്ടർ മെട്രോകൂടുതൽ അംഗീകരിക്കപ്പെടുകയാണെന്നും ബെഹ്റ കൂട്ടിച്ചേർത്തു.
ഹാംബർഗ് യു.ഐ.ടി.പി. സമ്മിറ്റ് അവാർഡ്, എനർജി ലീഡർഷിപ്പ് അവാർഡ്, ഗ്ലോബൽ മാരിടൈം അവാർഡ്, ഷിപ്പ് ടെക് ഇന്റർനാഷണൽ അവാർഡ്, അർബൻ ഇൻഫ്ര അവാർഡ് തുടങ്ങിയ നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ വാട്ടർ മെട്രോക്ക് ലഭിച്ചിട്ടുണ്ട്. നാലു റൗണ്ടുകളിലായി നടന്ന കടുത്ത മൽസരത്തെ അതിജീവിച്ചാണ് ആഗോള സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡ് പട്ടികയിൽ വാട്ടർ മെട്രോ മുൻനിരയിലെത്തിയതെന്നള കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സജൻ ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.