നെടുമ്പാശ്ശേരി വാഹനാപകടം; റോഡിൽ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ നിർദേശം
അത്താണി: നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചയുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. ആലുവ റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശൻ, കേസന്വേഷണം നടത്തുന്ന ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർമാരായ ജി. മനോജ്കുമാർ, എ.പി. റോഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സിയാൽ സിവിൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ എസ്. ശങ്കർ, എൻജിനീയർ തോമസ് ജോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. അപകടം നടന്ന അത്താണി വാളേപ്പുറം ഭാഗത്ത് കുത്തനെയുള്ള വളവും നിലവിലെ റോഡിന്റെ അവസ്ഥയും വീതിയും മറ്റും സംഘം പരിശോധിച്ചു. വി.ഐ.പി റോഡിന് ആകെ 60 മീറ്റർ വീതിയാണുള്ളത്.
ഓരോ ട്രാക്കിനും 25 മീറ്റർ വീതിയും അഞ്ച് മീറ്റർ വീതിയിൽ കാൽനട യാത്രക്കാർക്കും മറ്റുമുള്ള സഞ്ചാര പാതയുമാണ്. നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ അത്താണി സിഗ്നൽ കവല വരെയുള്ള റോഡിലെ അപകടസാധ്യതയുള്ള മറ്റ് മേഖലകളും സംഘം പരിശോധിച്ചു. റോഡിലെ കുത്തനെയുള്ള വളവുകൾ, അപകടകരമായ യു-ടേണുകൾ എന്നിവിടങ്ങളിൽ വാഹനങ്ങളുടെ വേഗം കർശനമായി നിയന്ത്രിക്കാൻ നിർദേശം നൽകി. വേഗം നിയന്ത്രിക്കാൻ അടിയന്തരമായി റോഡിൽ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കണമെന്നും സിയാലിന് നിർദേശം നൽകി. ഡ്രൈവർമാർ ഉറങ്ങിപ്പോവുകയോ, ശ്രദ്ധ തെറ്റുകയോ ചെയ്യുമ്പോൾ ശബ്ദവും കുലുക്കവും മൂലം ഡ്രൈവർമാരെ മുൻകൂട്ടി ഓർമിപ്പിക്കാൻ റംബിൾ സ്ട്രിപ്പ് സഹായമാകും.
വളവുകളിലും അപകടസാധ്യതയുള്ള ഭാഗങ്ങളിലും കൃത്യമായ അളവിലും ശാസ്ത്രീയമായ രീതിയിലുമാകണം റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കേണ്ടത്. റോഡിന്റെ വശങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കണം. നിലവിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ വേഗം വീണ്ടും കുറക്കുന്ന കാര്യം പരിഗണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അത്യാധുനിക വേഗനിയന്ത്രണ സംവിധാനങ്ങളും കാമറകളും സ്ഥാപിച്ച് നിയമലംഘനങ്ങൾ തടയണമെന്നും നിർദേശിച്ചിട്ടുണ്ട്. റോഡിലെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കാനും സിയാൽ അധികൃതർക്ക് നിർദേശം നൽകി. റോഡിന്റെ നിർമാണ നിലവാരം മികച്ചതാണെന്നും കുഴികളോ മറ്റ് പ്രധാന നിർമാണപ്പിഴവുകളോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധനയിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തി. അനുവദനീയമായ വേഗപരിധി ലംഘിച്ച് വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി പരിശോധനക്കിടെ ശ്രദ്ധയിൽപ്പെട്ടതായാണ് വിവരം.
ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ പരിശോധിക്കുകയും യഥാസമയം ബന്ധപ്പെട്ട അധികാരികളെ സിയാൽ അറിയിക്കുകയും വേണം. മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.