സമ്മേളനക്കൊടി താഴ്ന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഉയർത്തിയ ചെങ്കൊടി താഴുമ്പോൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ രാഷ്ട്രീയ ചിത്രവും തെളിയും. തൃക്കാക്കരയിലെ സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ച പ്രത്യേക ചർച്ചകൾ സമ്മേളന അജണ്ടക്ക് പുറത്ത് നടക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ജില്ല കമ്മിറ്റി പരിഗണിക്കുന്ന പേരുകൾ സംസ്ഥാന നേതൃത്വം തേടിയിട്ടുണ്ട്. സമ്മേളനം കഴിയുന്നതിനൊപ്പം തൃക്കാക്കരയിലെ സി.പി.എം സ്ഥാനാർഥി ആരായിരിക്കുമെന്നത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് ജില്ല നേതൃത്വത്തിന്‍റെ ശ്രമം. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ താൽപര്യത്തിന് പതിവിൽ കവിഞ്ഞ പരിഗണന ലഭിക്കാനാണ് സാധ്യത. പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സീറ്റ് ഒഴിവുവന്നതോടെ സ്ഥാനാർഥികളെച്ചൊല്ലി മണ്ഡലത്തിനകത്തും പുറത്തും അഭ്യൂഹങ്ങൾ പരന്നെങ്കിലും എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഇതിന് ശേഷമേ സി.പി.എം സ്ഥാനാർഥി ഉണ്ടാകൂവെന്ന് വന്നതോടെ ഇത്തരം ചർച്ച സജീവമല്ലാതായി.

യു.ഡി.എഫ് സ്ഥാനാർഥിയെ സംബന്ധിച്ച അഭ്യൂഹങ്ങൾക്കും ഇതോടെ താൽക്കാലിക വിരാമമായി. യു.ഡി.എഫ് കോട്ടയായ തൃക്കാക്കര ഇത്തവണ പിടിച്ചെടുക്കാൻ ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്.

കൊച്ചി കോർപറേഷനിലെ 19 ഡിവിഷൻകൂടി ഉൾപ്പെടുന്ന തൃക്കാക്കര പി.ടി. തോമസിന്‍റെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം ഇത്തവണ യു.ഡി.എഫിനൊപ്പം നിന്നതാണെന്നും വിലയിരുത്തുന്നു. അതിനാൽ, എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍റെ ആവേശം അണികളിൽ ചോരും മുമ്പേ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മുൻ തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജ്, കൊച്ചി കോർപറേഷൻ മേയർ എം. അനിൽ കുമാർ എന്നിവരടക്കം സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്ന തൃക്കാക്കരയിൽ ഇത്തവണ സർവ സമ്മതനെന്ന പേരിൽ ആരെയെങ്കിലും സ്വതന്ത്ര വേഷത്തിൽ രംഗത്തിറക്കാനുള്ള സാധ്യത വിരളമാണെന്നാണ് സൂചനകൾ. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുയരുകയും അച്ചടക്ക നടപടികളുണ്ടാവുകയും ചെയ്ത മണ്ഡലമാണ് തൃക്കാക്കര.

സമ്മേളനത്തിന് പിന്നാലെ സി.പി.എം തെരഞ്ഞെടുപ്പുരംഗത്ത് കൂടുതൽ സജീവമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് യു.ഡി.എഫും അണികളിൽ മത്സരച്ചൂട് പകരാനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. തൃക്കാക്കര ഉറച്ച കോട്ടയാണെന്ന് തെളിയിക്കേണ്ട ബാധ്യത യു.ഡി.എഫിനുണ്ട്.

Tags:    
News Summary - To Thrikkakkara by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.