കൊച്ചി: മഴക്കാലമാണ്, ജാഗ്രത വേണമെന്ന് എല്ലായ്പ്പോഴും പറയാറുണ്ട്, എന്നാൽ ജാഗരൂകരായി ‘കർമനിരതരാ’കുന്നത് മിക്കപ്പോഴും മോഷ്ടാക്കളാണെന്ന് മാത്രം. മഴയെ മോഷണത്തിനുള്ള അനുകൂല സാഹചര്യമാക്കി മാറ്റുന്ന മോഷ്ടാക്കളുടെ എണ്ണം വർധിക്കുന്നു. ഇത്തവണ മഴക്കാലം ആരംഭിച്ചത് മുതൽ ജില്ലയിൽ നിരവധിയിടങ്ങളിലാണ് മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പണം മുതൽ വാഹനങ്ങൾ വരെ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ ആലുവ പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. തമ്മനം ഭാഗത്ത് നിർമാണത്തിലിരിക്കുന്ന വില്ലയിൽ നിന്ന് ബാത്ത് റൂം ഫിറ്റിങുകളും വയറിങ് സാധനങ്ങളും ഉൾപ്പടെ മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിനികളായ മൂന്ന് യുവതികൾ പിടിയിലായ സംഭവവും സമീപദിവസങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈസ്റ്റ് പായിപ്രയിൽ പെട്ടി ഓട്ടോറിക്ഷയാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം തോട്ടിൽ വീണതോടെ കവർച്ചക്കെത്തിയവർ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ നിന്ന് പണം കവർന്നതും സമീപപ്രദേശത്താണ്. എടയാറിൽ അലുമിനിയം ബോർഡുകൾ മോഷ്ടിക്കപ്പെട്ടത്, നേര്യമംഗലത്ത് രണ്ട് കടകളിൽ മോഷണമുണ്ടായത്, തിരുവാണിയൂരിൽ ഓട്ടോറിക്ഷ മോഷ്ടിച്ച് വിറ്റത് എന്നിങ്ങനെ നിരവധി സംഭവങ്ങളാണുണ്ടായിരിക്കുന്നത്.
മഴക്കാലത്ത് മോഷണം കൂടുതൽ വ്യാപകമാകാൻ നിരവധി കാരണങ്ങളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പുലർച്ചെ രണ്ട് മുതൽ നാല് വരെ സമയത്താണ് ഇത്തരം മോഷ്ടാക്കൾ പ്രധാനമായും കവർച്ചക്ക് തെരഞ്ഞെടുക്കുന്നത്. മഴയുടെ സമയത്ത് ശബ്ദവും കാഴ്ചയും മറയുന്നതാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്.
മാത്രമല്ല, മഴക്കാലത്ത് ജങ്ഷനുകളും വീഥികളുമൊക്കെ പതിവിലും നേരത്തെ വിജനമാകും. ആളുകൾ നേരത്തെ ഉറങ്ങാൻ സാധ്യതയുണ്ടെന്നതും അവർ അനുകൂല ഘടകമായി കാണുന്നു. അതിനാൽ തന്നെ രാത്രികാലങ്ങളിൽ മഴയുള്ളപ്പോൾ ഒറ്റപ്പെട്ട് സഞ്ചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം.
പതുങ്ങിയിരുന്ന് ആക്രമിച്ച് കവർച്ച നടത്താൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയണം. മഴയുടെ മറവിൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുന്നത് ആളുകൾ കേൾക്കാനിടയില്ല. അതിനാൽ വാഹന മോഷ്ടാക്കളെയും കരുതിയിരിക്കണം.
വീടുപൂട്ടി യാത്ര പോകുന്നവർ പൊലീസിന്റെ പോൽ ആപ്പിൽ ലോക്കഡ് ഹൗസ് ഇൻഫർമേഷൻ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രാത്രിയിൽ വീടിന് പുറത്തെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് ഉറങ്ങുന്നവർ അതിന് മാറ്റം വരുത്തണം. പുറത്തെ ലൈറ്റുകൾ നിർബന്ധമായും പ്രകാശിപ്പിക്കണം. ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. കമ്പിപ്പാര, പിക്കാസ് തുടങ്ങിയ ആയുധങ്ങൾ വീടിന് പുറത്ത് സൂക്ഷിക്കരുത്.
പൊലീസിന്റെ എമർജൻസി നമ്പറായ 112 അടക്കം ഫോൺ നമ്പറുകൾ സൂക്ഷിച്ചുവെക്കുക. മൊബൈൽ ഫോണുകളിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം. പൈപ്പിലെ വെള്ളം തുറന്നുവിടുന്ന ശബ്ദം, കുഞ്ഞുങ്ങളുടെ കരച്ചില് തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അയൽവാസികളെ അറിയിക്കണം.
സി.സി.ടി.വിയുള്ള വീടുകളിലെ ആളുകൾ അവ എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. റെസിഡന്റ്സ് അസോസിയേഷനുകളും മറ്റും കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയം കൂടിയാണ് മഴക്കാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.