കൊച്ചി: കൂടിയും കുറഞ്ഞും ഇടവേളകളോടെയുള്ള മഴയായിരുന്നു മുൻദിവസങ്ങളിലേതെങ്കിൽ, മഴയുടെ രൂപത്തിനും ഭാവത്തിനും മാറ്റം വരുന്നതായിരുന്നു ശനിയാഴ്ചത്തെ കാഴ്ച. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിൽ ശക്തമായ മഴയാണ് രാവിലെ മുതൽ ലഭിച്ചത്. ഉച്ചകഴിഞ്ഞതോടെ ശക്തി കൂടി.
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി മഴ പെയ്തു. ആലുവ- 67 മില്ലീമീറ്റർ, നാവിക കേന്ദ്രം- 68.8 മില്ലീമീറ്റർ, എറണാകുളം സൗത്ത്- 69 മില്ലീമീറ്റർ, സിയാൽ കൊച്ചി- 39 മില്ലീമീറ്റർ, പിറവം- 43 മില്ലീമീറ്റർ, പെരുമ്പാവൂർ- 53 മില്ലീമീറ്റർ എന്നിങ്ങനെയാണ് മഴ പെയ്തത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കനത്ത മഴക്കൊപ്പം കടൽകയറ്റവുമായതോടെ കണ്ണമാലി മേഖലയിൽ ജനങ്ങൾ ദുരിതത്തിലായി. കടൽഭിത്തികൾ മറികടന്ന് തിരമാലകൾ തീരത്തേക്ക് കയറിയെങ്കിലും കാര്യമായി കടൽക്ഷോഭം ഉണ്ടാകാതിരുന്നത് ആശ്വാസമായി. അതേസമയം, കായൽ തീരത്ത് വേലിയേറ്റം രൂക്ഷമായിരുന്നു. ആലുവ ചൂണ്ടിയിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. വെള്ളം നിറഞ്ഞ് കിടന്ന റോഡിലെ കുഴി കാണാത്തതിനാൽ വീഴുകയായിരുന്നു. കാലടി പാലത്തിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു.
മഴയോടൊപ്പം കാറ്റും ശക്തിപ്രാപിക്കുന്നുണ്ട്. അറബിക്കടലിൽ കേരള തീരത്ത് മണിക്കൂറിൽ 70 കിലോമീറ്റർ വരെ കാലാവർഷക്കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കരയിൽ റെക്കോഡ് ചെയ്തത് മണിക്കൂറിൽ 37 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റാണ്. എറണാകുളം ബോട്ട് ജെട്ടിയിൽ മണിക്കൂറിൽ 37, കളമശ്ശേരി- 28, ചൂണ്ടി- 26 എന്നിങ്ങനെ കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.