കൊച്ചി: എളമക്കരയിൽ സ്കൂൾ വിദ്യാർഥിനി വാഹനം ഇടിച്ച് പരിക്കേറ്റ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർഥിനിയെ ഇടിച്ച യാഥാർഥ വാഹനം കണ്ടെത്തി. ആദ്യം സംശയിച്ചതുപോലെ കാറിടിച്ചല്ല അപകടമെന്ന് സ്ഥിരീകരിച്ചു. മറ്റൊരു വാഹനത്തിന്റെ വാതിൽ തുറന്നപ്പോൾ സൈക്കിളിൽ ഇടിച്ചാണ് വിദ്യാർഥിനി അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായി. വാഹനം ഓടിച്ച എളമക്കര സുഭാഷ് നഗറിൽ മുണ്ടക്കൽപറമ്പ് വീട്ടിൽ രാജിയെ (54) അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
ഈ മാസം 15ന് ഉച്ചകഴിഞ്ഞ് 3.45ഓടെയാണ് സംഭവം. എളമക്കര പുന്നക്കൽ ഭാഗത്ത് പീപ്പിൾസ് അർബൻ കോഓപറേറ്റീവ് ബാങ്കിന് സമീപം ദേശാഭിമാനി റോഡിലാണ് സൈക്കിൾ യാത്രക്കാരിയായ പ്ലസ് വൺ വിദ്യാർഥിനി ദീക്ഷിത അപകടത്തിൽപ്പെട്ടത്. തുർന്ന് അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ പൊലീസ് ഈ പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. അപകടം നടന്ന സമയം അതേ ദിശയിൽ കാർ കടന്നു പോകുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തി. തുടർന്ന് വാഹനം പോകുന്ന ദിശയിലെ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വാഹന ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. തന്റെ വാഹനം കുട്ടിയെ ഇടിച്ചിട്ടില്ലെന്ന വാദത്തിൽ ഉടമ ഉറച്ചുനിന്നു.
ഇതോടെ കൂടുതൽ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അപകടത്തിന് തൊട്ടുമുമ്പായി ഒരു മാരുതി ഈക്കോ കാർ നിർത്തുന്നതും ഡ്രൈവർ വാഹനത്തിന്റെ വാതിൽ തുറക്കുന്നതും കുട്ടി തൽസമയം വീഴുന്നതും കണ്ടെത്തി. രാജിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് വാഹനം അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭയന്നിട്ടാണ് വാഹനത്തിന്റെ വാതിൽ തുറന്ന കാര്യം പുറത്തുപറയാതിരുന്നതെന്നും അവർ പൊലീസിന് മൊഴി നൽകി.
അപകടത്തിന് തൊട്ടുപിന്നാലെ വിദ്യാർഥിനിയെ റോഡിൽ നിന്ന് മാറ്റുന്നതടക്കം രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിൽ രാജിയുമുണ്ടായിരുന്നു. കസ്റ്റഡിയിൽ എടുത്ത രാജിയുടെ വാഹനം ഫോറൻസിക് പരിശോധനകൾക്കടക്കം വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.