കൊച്ചി: കാലവർഷം ശക്തി പ്രാപിച്ച്, ജില്ലയിൽ പരക്കെ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പതിവിലും നേരത്തെ കാലവർഷം എത്തിയത് മാത്രമല്ല, വേനൽ മഴയും ഇത്തവണ ജില്ലയിൽ കൂടുതൽ ലഭിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം മാർച്ച് ഒന്ന് മുതൽ മേയ് 27 വരെ ജില്ലയിൽ 42 ശതമാനം അധിക മഴയാണ് ലഭിച്ചത്.
353.7 മില്ലീമീറ്റർ മഴയാണ് സാധാരണ ഗതിയിൽ ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ 501.7 മില്ലീമീറ്റർ മഴ പെയ്തിട്ടുണ്ട്. നിശ്ചിത കാലയളവിൽ 20 മുതൽ 59 ശതമാനം വരെ കൂടുതൽ മഴ ലഭിക്കുകയാണെങ്കിൽ അത് അധിക മഴയായിട്ടാണ് കണക്കാക്കുക. മേയ് 24 മുതൽ 28 വരെ അഞ്ച് ദിവസത്തിൽ എറണാകുളം ജില്ലയിൽ പതിവിലും നാലര മടങ്ങ് മഴയാണ് കിട്ടിയത്.
56.2 മില്ലീമീറ്റർ മഴയാണ് സാധാരണ കിട്ടേണ്ടത്. എന്നാൽ 242 മില്ലീമീറ്റർ മഴയാണ് പെയ്തത്. ജില്ലയിൽ ഓറഞ്ച് അലർട്ടുണ്ടായിരുന്ന കഴിഞ്ഞ ഞായറാഴ്ചയും റെഡ് അലർട്ടായിരുന്ന തിങ്കളാഴ്ചയും അതിശക്തമായ മഴയാണ് ലഭിച്ചത്. തുടർ ദിവസങ്ങളിലും ഏറിയും കുറഞ്ഞും ഇത് ആവർത്തിച്ചു. ജില്ലയിലെ മുനമ്പം മുതൽ മറുവക്കാട് വരെ തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവുമുണ്ടായിരുന്നു. വിവിധയിടങ്ങളിൽ കടലേറ്റവുമുണ്ടായി.
ശക്തമായ കാറ്റ്: ജാഗ്രത നിർദേശങ്ങൾ നൽകി
- കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
- വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
- ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക.
- ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കണം.
- കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
- ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
- വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത ശ്രദ്ധയിൽപെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.
- കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക.
- പത്രം-പാൽ വിതരണം പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
- കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങും മുമ്പ് ഉറപ്പ് വരുത്തുക.
- നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിത ഇടത്തേക്ക് മാറി നിൽക്കണം.
ജില്ലയിൽ 123 വീടുകൾക്ക് നാശനഷ്ടം
കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ വീടുകൾക്ക് വ്യാപക നാശനഷ്ടം. മൂന്ന് വീടുകൾ പൂർണമായും 120 വീടുകൾ ഭാഗികമായും തകർന്നു.
അടിയന്തര ഘട്ടത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ 360 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.