കൊച്ചി: മീറ്റർ ഇടാതെയും നിയമം ലംഘിച്ചും സർവിസ് നടത്തുന്ന ഓട്ടോറിക്ഷകളെ പൂട്ടാനൊരുങ്ങി ആർ.ടി.ഒയും പൊലീസും. നഗരത്തിൽ വ്യാപക പരിശോധന നടത്താനും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.മീറ്റർ പ്രവർത്തിപ്പിക്കാത്തതിനെതിരെയും അപമര്യാദയായുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടും നേരിട്ടും ഓൺലൈനായും ധാരാളം പരാതികളാണ് മോട്ടോർ വാഹനവകുപ്പിന് ലഭിക്കുന്നത്.
നഗരത്തിൽ സർവിസ് നടത്താൻ അനുമതിയുള്ള ഭൂരിഭാഗം ഓട്ടോ തൊഴിലാളികളും നിലവിലെ നിരക്കനുസരിച്ചുള്ള തുക മാത്രം ഈടാക്കുമ്പോൾ ഒരു വിഭാഗം മാത്രമാണ് അമിത തുക ഈടാക്കുന്നത്. മീറ്റർ ഇടാതെ സർവിസ് അനുവദിക്കാനാവില്ല. കിലോമീറ്റർ അനുസരിച്ചാണ് ചാർജ് ഈടാക്കേണ്ടത്. ഇതിനുപകരം, മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നിയ നിരക്ക് ഈടാക്കുകയാണ്. പെർമിറ്റ് നൽകുന്ന കാലയളവിൽ താൽക്കാലികമായി മീറ്ററുകൾ സ്ഥാപിക്കും. ചില ഓട്ടോകളിൽ പിന്നീട് മീറ്റർ കാണാറില്ല. ഇത്തരത്തിൽ സർവിസ് നടത്തുന്ന ഓട്ടോകൾ മിനിമം ചാർജ് 30 രൂപ ഈടാക്കേണ്ട സ്ഥാനത്ത് നാൽപതും അമ്പതും രൂപ ഈടാക്കും.
മീറ്റർ ചാർജിൽ സർവിസ് നടത്തിയാൽ മുതലാകില്ലെന്നാണ് ഒരുവിഭാഗം ഓട്ടോക്കാർ പറയുന്നത്. എന്നാൽ, കൊച്ചിയിലെക്കാൾ പെട്രോൾ, ഡീസൽ വിലയുള്ള കോഴിക്കോട് നഗരത്തിൽ മീറ്റർ നിരക്കിലാണ് സർവിസ് നടത്തുന്നതെന്ന് പൊലീസും ആർ.ടി.ഒ അധികൃതരും പറയുന്നു.
നഗരത്തിൽ സർവിസ് നടത്താൻ പെർമിറ്റ് ലഭിച്ചവരെക്കാൾ കൂടുതൽ ഓട്ടോറിക്ഷകളാണ് അനധികൃതമായി സർവിസ് നടത്തുന്നത്.14,000 ഓട്ടോകൾക്കാണ് ജില്ലയിൽ സർവിസിന് അനുമതി നൽകിയത്. അതിൽ 4000ത്തോളം ഓട്ടോകൾക്കാണ് സിറ്റി പെർമിറ്റ് ഉള്ളതെങ്കിലും 2300 ഓട്ടോറിക്ഷകൾ മാത്രമാണ് നിലവിൽ സർവിസ് നടത്തുന്നത്. സിറ്റി പെർമിറ്റില്ലാത്ത നൂറുകണക്കിന് ഓട്ടോകളാണ് ഇതിന്റെ മറവിൽ സർവിസ് നടത്തുന്നത്. അനധികൃത സർവിസുകൾക്കെതിരെയും കർശന നടപടിയെടുക്കാനാണ് തീരുമാനം.
മിനിമം നിരക്ക് (ഒന്നര കിലോമീറ്റർ വരെ) 30 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒന്നര കിലോമീറ്ററിനുശേഷം വരുന്ന ഓരോ 100 മീറ്ററിനും ഒരു രൂപ അമ്പത് പൈസ എന്ന നിരക്കിൽ നൽകണം. അതായത് മിനിമം ചാർജിനുശേഷം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകണം (ഇപ്രകാരം രണ്ടര കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾ നൽകേണ്ടത് 45 രൂപയും). അഞ്ച് കിലോമീറ്ററിന് 83 രൂപയും 10 കിലോമീറ്ററിന് 158 രൂപയുമാണ്. എന്നാൽ, പലപ്പോഴും ഇതിന്റെ ഇരട്ടിയിലേറെ നിരക്കാണ് ഈടാക്കുന്നത്.
റിട്ടേൺ നിരക്കുകൾ ഈടാക്കാനും കൃത്യമായ മാനദണ്ഡം നിർണയിച്ചിട്ടുണ്ടെങ്കിലും അതും അട്ടിമറിക്കപ്പെടുകയാണ്. കൊച്ചിയടക്കമുള്ള നഗരങ്ങളിൽ റിട്ടേൺ നിരക്ക് നൽകാൻ പാടില്ലെന്നാണ് നിയമം.പകൽ രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് കോർപറേഷനുകളിലും കണ്ണൂർ, പാലക്കാട്, കോട്ടയം എന്നീ ടൗൺ പ്രദേശങ്ങളും ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ മീറ്ററിൽ കാണിച്ച ചാർജിന് പുറമെ മിനിമം ചാർജായ 30 രൂപ കുറച്ചുള്ള തുകയുടെ 50 ശതമാനം റിട്ടേൺ ചാർജായി നൽകണം.
(അതായത് 100 രൂപയാണ് മീറ്ററിലെ നിരക്ക് എങ്കിൽ മിനിമം ചാർജായ 30 രൂപ കുറച്ച് ബാക്കി വരുന്ന 70 രൂപയുടെ പകുതി കൂടി കൂട്ടി മീറ്റർ ചാർജിന് പുറമെ നൽകണം. 100 രൂപയുടെ ദൂരം സഞ്ചരിച്ചാൽ 135 രൂപ നൽകണം). തിരിച്ച് യാത്രയുണ്ടെങ്കിൽ മീറ്റർ ചാർജ് മാത്രം നൽകിയാൽ മതി. കൊച്ചിയടക്കമുള്ള മുകളിൽ പറഞ്ഞ കോർപറേഷനുകളിലും ടൗണുകളിലും റിട്ടേൺ ചാർജ് ഈടാക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ, പലപ്പോഴും ബഹളംവെച്ചും മറ്റുമാണ് പലരും റിട്ടേൺ ചാർജ് ഈടാക്കുന്നത്.
രാത്രിയാത്ര നിരക്കിലും തോന്നുന്ന നിരക്കാണ്. മീറ്റർ ഉപയോഗിക്കില്ലെന്ന് മാത്രമല്ല പലപ്പോഴും രണ്ടിരട്ടി വരെയാണ് ഈടാക്കുന്നത്. രാത്രി 10 മുതൽ പകൽ അഞ്ചുവരെ യാത്ര ചെയ്യാൻ മീറ്റർ ചാർജിന്റെ കൂടെ 50 ശതമാനം കൂടി കൂടുതൽ നൽകിയാൽ മതിയെന്നാണ് നിയമം.അതായത് 100 രൂപയാണ് മീറ്ററിൽ കാണിച്ചിരിക്കുന്നതെങ്കിൽ 150 രൂപയേ നൽകേണ്ടതുള്ളൂ. എന്നാൽ, ഇതൊന്നും അറിഞ്ഞഭാവം കാണിക്കില്ല. പ്രീ-പെയ്ഡ് കൗണ്ടറുകൾ ഇല്ലാത്തയിടങ്ങളിൽനിന്ന് സവാരി വിളിച്ചാൽ ആദ്യമേ കൊള്ളനിരക്ക് പറയും. അത് നൽകാൻ തയാറുണ്ടെങ്കിൽ മാത്രമെ ഓട്ടം വരൂ എന്ന നിലപാടാണ് പലപ്പോഴും ഓട്ടോക്കാർ സ്വീകരിക്കുക.
അമിതനിരക്ക് ഈടാക്കുന്നതിനൊപ്പം മോശം പെരുമാറ്റവും കൂടി ആയപ്പോൾ ഓൺലൈൻ ഓട്ടോ ആപ്പുകളെ തിരഞ്ഞെടുക്കാൻ തുടങ്ങിയതായി ഡ്രൈവർമാർതന്നെ സമ്മതിക്കുന്നു. നിശ്ചയിച്ച നിരക്കുകളിൽതന്നെ സർവിസ് നടത്തിയാൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് അവർ പറയുന്നത്.
അമിതനിരക്ക് ഈടാക്കിയാലോ, മീറ്ററുകൾ ഇല്ലാതെ സർവിസ് നടത്തുന്നത് ശ്രദ്ധയിൽപെട്ടാലോ ഉടൻ പരാതി നൽകണം. വാഹനത്തിന്റെ നമ്പർ സഹിതം പൊലീസ്, ട്രാഫിക്, ആർ.ടി.ഒ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ പരാതി നൽകുകയാണ് വേണ്ടത്. ട്രാഫിക് വാട്ട്സ്ആപ്പ് നമ്പറായ 6238100100ലേക്ക് 24 മണിക്കൂറും പരാതികൾ അയക്കാമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.