പ്രതീകാത്മക ചിത്രം

എസ്.എസ്.എൽ.സി; ജില്ലയിൽ 99.61 ശതമാനം വിജയം

കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ എറണാകുളം ജില്ലക്ക് 99.61 ശതമാനം വിജയത്തിളക്കം. സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് ജില്ല. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളാണ് എറണാകുളത്തിനു മുന്നിലുള്ളത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജില്ല മൂന്നാം സ്ഥാനത്തായിരുന്നു. വിജയശതമാനത്തിലും നേരിയ തോതിൽ കുറവുവന്നു. 2025ൽ 99.76 ശതമാനം ആയിരുന്നു വിജയം. അതിന്‍റെ തൊട്ടുമുമ്പത്തെ വർഷം (2024) 99.86 വിജയ ശതമാനത്തോടെയായിരുന്നു മൂന്നാം സ്ഥാനം.

ജില്ലയിൽ ആകെ പരീക്ഷയെഴുതിയ 30578 വിദ്യാർഥികളിൽ 30458 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 120 പേർക്ക് യോഗ്യത നേടാനായില്ല. ആകെ പരീക്ഷയെഴുതിയ 15715 ആൺകുട്ടികളിൽ 15649 പേരും ജയിച്ചു. 14863 പെൺകുട്ടികൾ പരീക്ഷയെഴുതിയപ്പോൾ 14809 പേരും ജയം കൈവരിച്ചു. 54 െപൺകുട്ടികൾക്കും 66 ആൺകുട്ടികൾക്കുമാണ് ജയിക്കാനാവാതെ വന്നത്. 2203 പേരാണ് ജില്ലയിലാകെ ഫുൾ എ പ്ലസ് നേടിയത്. ഇതിൽ 650 പേർ ആൺകുട്ടികളും 1553 പേർ പെൺകുട്ടികളുമാണ്.

ജില്ലയിലെ ആകെ 254 സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. 101 സർക്കാർ സ്കൂളുകളിൽ 75 എണ്ണവും, 177 എയ്ഡഡ് സ്കൂളുകളിൽ 133 എണ്ണവും, 52 അൺ എയ്ഡഡ് സ്കൂളുകളിൽ 46 എണ്ണവും നൂറുശതമാനം വിജയം സ്വന്തമാക്കി.

എ പ്ലസിൽ ഗേൾസ് പ്ലസ്

കൊച്ചി: ജില്ലയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയത് 2203 പേരാണ്. ഇതിൽ 1553 പേരും പെൺകുട്ടികളാണ്. എന്നാൽ, ആൺകുട്ടികൾ 650 പേർ മാത്രമേയുള്ളൂ. ആകെ പെൺകുട്ടികളുടെ പകുതി പോലും എ പ്ലസ് നേടാൻ ആൺകുട്ടികൾക്കു സാധിച്ചില്ല. ആലുവ ഉപജില്ലയിലാണ് എ പ്ലസുകാർ കൂടുതലുള്ളത്. 651 െപൺകുട്ടികളും 279 ആൺകുട്ടികളുമുൾപ്പെടെ 930 പേർ ആലുവയിൽ ഫുൾ എ പ്ലസ് നേടി. 408 പെൺകുട്ടികളും 160 ആൺകുട്ടികളുമുൾപ്പെടെ 568 വിദ്യാർഥികളാണ് എറണാകുളം ഉപജില്ലയിൽ ഫുൾ എ പ്ലസ് നേടിയത്. കോതമംഗലത്ത് 248 പെൺകുട്ടികൾക്കും 105 ആൺകുട്ടികൾക്കും ഫുൾ എ പ്ലസ് കിട്ടി. ആകെ 353 പേരാണ് ഇവിടുത്തെ ഫുൾ എ പ്ലസുകാർ. മൂവാറ്റുപുഴയിലെ ആകെ 352 ഫുൾ എ പ്ലസുകാരിൽ 246 പെൺകുട്ടികളും 106 ആൺകുട്ടികളുമാണുള്ളത്.

എ പ്ലസ് (ഉപജില്ലതലത്തിൽ)

  • ആലുവ 930
  • എറണാകുളം 568
  • കോതമംഗലം 353
  • മൂവാറ്റുപുഴ 352
  • മുമ്പനായി മൂവാറ്റുപുഴ

ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിൽ ഇത്തവ‍ണയും മുന്നിലെത്തി മൂവാറ്റുപുഴ. 99.77 ശതമാനമാണ് വിജയം. 1811 ആൺകുട്ടികളും 1660 പെൺകുട്ടികളുമുൾപ്പെടെ 3471 വിദ്യാർഥികൾ ഇവിടെനിന്ന് ജയിച്ചുകയറി. കഴിഞ്ഞ വർഷം മൂവാറ്റുപുഴയും കോതമംഗലവും 99.81 ശതമാനവുമായി ഒന്നാംസ്ഥാനം പങ്കിട്ടിരുന്നു. ഇത്തവണ 99.75 ശതമാനവുമായി കോതമംഗലം തൊട്ടുപിന്നിലുണ്ട്. 2802 ആൺകുട്ടികളും 2444 പെൺകുട്ടികളുമുൾപ്പെടെ 5246 പേർ ഇവിടെ ജയിച്ചു.

99.71 ശതമാനം നേടിയ ആലുവ മൂന്നാമതാണ്. 5977 ആൺകുട്ടികളും 5680 പെൺകുട്ടികളുമായി 11657 പേരാണ് ഇവിടെ ജയിച്ചത്. 99.36 ശതമാനത്തോടെ എറണാകുളമാണ് വിജയശതമാനത്തിൽ പിന്നിലുള്ളത്. 10084 പേർ ജയിച്ചതിൽ 5059 ആൺകുട്ടികളും 5025 പെൺകുട്ടികളുമാണ്. പരീക്ഷയെഴുതിയവരിൽ ഏറ്റവും കൂടുതൽ പേരുണ്ടായിരുന്നത് ആലുവയാണ്. 11691 പേർ. എറണാകുളത്ത് 10149 പേരും കോതമംഗലത്ത് 5259 പേരുമാണ് പരീക്ഷയെഴുതി‍യിരുന്നത്. മൂവാറ്റുപുഴയിൽ ആകെ 3479 പേർ പരീക്ഷയെഴുതി.

Tags:    
News Summary - SSLC; 99.61 percent success in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.