റോ-റോ വെസൽ
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി - വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് അഴിമുഖത്തിന് കുറുകെ സർവിസ് നടത്തുന്ന റോ- റോ സംവിധാനം കൊച്ചി കോർപറേഷന് ബാധ്യതയായി മാറുന്നു. ഒമ്പത് വർഷത്തിനിടെ നഗരസഭക്ക് വൻ സാമ്പത്തിക ബാധ്യതയാകുമ്പോൾ, കിൻകോക്ക് ലോട്ടറിയായി റോ റോ മാറിയെന്നാണ് നാട്ടുകാരുടെ അടക്കം പറച്ചിൽ.ജനസേവനത്തിന്റെ പേരിൽ കൊച്ചി അഴിമുഖത്ത് യാത്രക്കായി ഒരുക്കിയ റോൾ ഓൺ റോൾ ഓഫ് എന്ന റോ- റോ സർവിസിനായി 2016ൽ 17.5 കോടിയാണ് നഗരസഭ ചെലവഴിച്ചത്.
എന്നാൽ നടത്തിപ്പ് ചുമതല ചില രാഷ്ട്രീയ തർക്കങ്ങൾക്കിടയിൽ കിൻകോക്ക് കൈമാറുകയായിരുന്നു. അറ്റകുറ്റപ്പണിയടക്കം ഭാരിച്ച ബാധ്യതയാകട്ടെ നഗരസഭക്കും.റോ- റോ സർവിസ് നഗരസഭ നേരിട്ട് നടത്തണമെന്ന ആവശ്യവും ഇപ്പോൾ ഉയർന്നിരിക്കുകയാണ്. 10 വർഷം മുമ്പ് 17.5 കോടി മുടക്കിയ നഗരസഭക്ക് ഇതിനകം ലാഭവിഹിതമായി ലഭിച്ചത് ഒന്നരക്കോടിയോളം ആണെന്നാണ് വിവരം.
റോ- റോ സംവിധാനം വരും മുമ്പ് ജങ്കാർ സർവിസാണ് മേഖലയിൽ വാഹനങ്ങൾ അഴിമുഖം കടത്താൻ ഉപയോഗിച്ചിരുന്നത്. രണ്ട് ജങ്കാറുകൾക്കൊപ്പം യാത്രക്കാർക്കായി രണ്ട് ബോട്ടും വൈപ്പിൻ - ഫോർട്ട്കൊച്ചി ജെട്ടികളെ കോർത്തിണക്കി സർവിസ് നടത്തിയിരുന്നു. അഴിമുഖത്ത് ബോട്ടപകടം നടന്ന് 11 പേർ മരിച്ചതിനെ തുടർന്നാണ് യാത്ര കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായി നഗരസഭ തന്നെ രണ്ട് റോ റോ വെസലുകളും ‘ഫോർട്ട് ക്യൂൺ’ എന്ന ബോട്ടും നീറ്റിലിറക്കി സർവിസ് ചുമതല കിൻകോക്ക് നൽകിയത്.
എന്നാൽ ഇതുവരെ യാത്രക്കാർക്ക് ഈ മൂന്ന് യാനങ്ങളുടെ പൂർണ പ്രയോജനം ലഭിച്ചിട്ടില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. നഷ്ടക്കണക്കുകൾ ചൂണ്ടിക്കാട്ടി കിൻകോ അധികൃതർ ബോട്ട് സർവിസ് നിർത്തലാക്കിയിട്ട് വർഷം ഒന്നുകഴിഞ്ഞു.
പ്രതിവർഷം ഹാജരാക്കുന്ന കണക്കുകളിൽ പോലും അവ്യക്തത പ്രകടമാണെന്ന് ഓഡിറ്റർ ചുണ്ടിക്കാണിച്ചെങ്കിലും നഗരസഭയത് തളളിക്കളഞ്ഞു. പ്രതിദിനം രണ്ടുവെസലുകളിലുമായി ശരാശരി ഒരു ലക്ഷത്തോളം രൂപയാണ് കിൻകോയുടെ വരുമാനമെന്നാണ് അറിയുന്നത്. പ്രതിവർഷം ഏതാണ്ട് മൂന്നരക്കോടി രൂപ. ഇതിൽ ജിവനക്കാരുടെ ശമ്പളം, ഇന്ധനം, ഇതര ചെലവുകളിൽ വൻ നഷ്ടമാണന്നാണ് കിൻകോയുടെ വെളിപ്പെടുത്തൽ.
അറ്റകുറ്റപ്പണിക്കായി ഇതിനകം മൂന്നുകോടിയോളം രൂപ നഗരസഭ ചെലവഴിച്ചു. 17.5 കോടി പ്രാരംഭ ഘട്ടത്തിലും മൂന്നുകോടി അറ്റകുറ്റപ്പണിക്കും ചെലവഴിച്ച നഗരസഭക്ക് ഇതിനകമുള്ള ആകെ വരുമാനം പത്ത് ശതമാനം പോലുമില്ല. നേരത്തെ സ്വകാര്യ കമ്പനി സർവിസ് നടത്തിയിരുന്നപ്പോൾ ടിക്കറ്റുകളിൽ കോർപറേഷൻ സീൽ ചെയ്ത് നൽകുമായിരുന്നു. യഥാർഥ വരുമാനം ഇപ്രകാരം അറിയാമായിരുന്നു. നഗരസഭക്ക് അന്ന് ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചിരുന്നു.
രണ്ട് റോ - റോ വെസലും സർവിസ് നടത്തുന്നുണ്ടെന്ന കണക്കുകൂട്ടലിലാണ് മിക്ക വാഹനയാത്രികരും ജെട്ടികളിലെത്തുക. എന്നാൽ ഒരു വെസൽ മാത്രമായിരിക്കും പലപ്പോഴും സർവിസിനുണ്ടാവുകയെന്ന് യാത്രക്കാർ പറയുന്നു. വെസലുകൾ നിയന്ത്രണം വിട്ടൊഴുകുന്ന സംഭവങ്ങൾ ഇടക്കിടെ ഉണ്ടാകുന്നതിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്. എന്നാൽ, മൂന്നാമത് റോ- റോ വെസലിനുള്ള നീക്കത്തിൽ യാത്രക്കാർ സന്തോഷത്തിലുമാണ്.
രണ്ട് ജെട്ടികളിലും യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ വെയിറ്റിങ് ഷെഡുകൾ വേണമെന്ന് യാതക്കാർ ആവശ്യപ്പെടുന്നുണ്ട്. ഒരു യാത്രക്കാരി കോടതിയെ സമീപിക്കുകയും കാത്തിരിപ്പ് കേന്ദ്രം ഒരുക്കണമെന്ന് കോടതി നഗരസഭയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഫോർട്ട്കൊച്ചി ജെട്ടിയിൽ ഒരു താൽക്കാലിക ഷെഡ് പണിതെങ്കിലും യാത്രക്കാർ സംതൃപ്തരല്ല. പ്രതിഷേധത്തിനൊടുവിൽ കാത്തിരിപ്പ് കേന്ദ്രം പണിയാൻ 6,70,000 രൂപ അനുവദിച്ചിരിക്കുകയാണ് അധികൃതർ.
നഗരസഭ പണിത താൽക്കാലിക കാത്തിരിപ്പ് കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.