മുണ്ടംവേലി പി ആൻഡ് ടി അപ്പാർട്ട്മെന്റിനോട് ചേർന്ന് കടന്നുപോകുന്ന 110 കെ.വി വൈദ്യുതി ലൈൻ
ഞങ്ങളോട് എന്തിനിത് ചെയ്തു?
മട്ടാഞ്ചേരി: വാഗ്ദത്ത ഭൂമി ചൂണ്ടിക്കാട്ടി വഞ്ചിക്കപ്പെട്ട അവസ്ഥയിലാണ് മുണ്ടംവേലി പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ. 66,110 കെ.വി വൈദ്യുതി ലൈനിന് മധ്യത്തിലായി ഉറപ്പില്ലാത്ത കെട്ടിടത്തിൽ രണ്ടര വർഷത്തോളമായി നെഞ്ചിടിപ്പോടെ കഴിയുകയാണ് 78 കുടുബങ്ങളിലെ കുട്ടികളും വയോധികരുമടക്കം 420 മനുഷ്യർ. മുകൾനിലയിലെ താമസക്കാർ ആരെങ്കിലും ബാത്ത് റൂം ഉപയോഗിച്ചാൽ ഉടൻ ഗ്രൗണ്ട് ഫ്ലോർ വരെ താമസിക്കുന്നവർ വിവരമറിയും. ബാത്ത് റൂമിലെ മലിനജലം താഴെനിലയിലെ അടുക്കളവരെ എത്തുന്നതാണ് കാരണം. അതുകൊണ്ടാണ് ഇത് പൊളിച്ചുകളയേണ്ടിവരുമെന്നും ആര് ഉത്തരവാദിത്തമേൽക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
കോളനിയേക്കാൾ ദുരിതം
2024 ജനുവരി 30നാണ് കടവന്ത്രയിലെ പി ആൻഡ് ടി കോളനിയിലെ 78 കുടുംബങ്ങളെ ലൈഫ് പദ്ധതി പ്രകാരം പണിത മുണ്ടംവേലിയിലെ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറ്റി പുനരധിവസിപ്പിച്ചത്. മഴക്കാലത്ത് പി ആൻഡ് ടി കോളനിയിലെ വെള്ളക്കെട്ട് കണക്കിലെടുത്താണ് മുണ്ടംവേലിയിലെ 70 സെൻറ് സ്ഥലത്ത് ലൈഫ്മിഷൻ ഭവനപദ്ധതി പ്രകാരം രണ്ട് കെട്ടിടങ്ങൾ കൊച്ചി കോർപറേഷൻ പണിതത്. 14.62 കോടി രൂപ ചെലവിൽ തൃശൂർ ഡിസ്ട്രിക്റ്റ് ലേബർ കോഓപറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ കരാർ. 2018 ജൂലൈ 31നാണ് തറക്കല്ലിട്ടത്.
കോളനിയിൽ മഴക്കാലത്തെ വെള്ളക്കെട്ടാണ് പ്രശ്നമെങ്കിൽ പുതിയ കെട്ടിടത്തിൽ എല്ലാ ദിവസവും താമസക്കാരുടെ കിടപ്പുമുറികളിലും അടുക്കളയിലും ഒലിച്ചിറങ്ങുന്ന മലിനജലമാണ് വലിയ ദുരിതം. മഴ പെയ്താലാകട്ടെ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്ന് മുറികളിലേക്ക് വെള്ളം കയറും. കോളനിക്കാരെ താമസിപ്പിക്കുന്നതിന് മുമ്പുതന്നെ ഈ പോരായ്മകൾ കണ്ടെത്തിയിരുന്നെങ്കിലും പരിഹാര നടപടികൾ ഉണ്ടായില്ല. പ്രീ എൻജനീയറിങ് ബിൽഡിങ് ടെക്നോളജി പ്രകാരമാണ് കെട്ടിടം പണിതത്. ഇതിനായി സ്ഥാപിച്ച ഇരുമ്പുതൂണുകൾ തുരുമ്പെടുത്തുതുടങ്ങി. ഭിത്തികൾക്ക് പകരമുള്ള ജിപ്സം ബോർഡും വിനയായി മാറി.
വൈദ്യുതി ഉപകരണങ്ങൾ വാഴുന്നില്ല
കെട്ടിടത്തിന്റെ ഒരു ഭാഗത്തുകൂടി 110 കെ.വി അരൂർ-മട്ടാഞ്ചേരി ഫീഡറിൽനിന്നുള്ള ലൈൻ കടന്നുപോകുന്നുണ്ട്. 110 കെ.വി ലൈനിൽനിന്ന് വേണ്ടത്ര തിരശ്ചീന അകലം പാലിച്ചിട്ടില്ലെന്നത് വൈദ്യുതി വകുപ്പുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മറുഭാഗത്തുകൂടി മറ്റൊരു ലൈൻ കടന്നു പോകുന്നു. വൈദ്യുതി നിയമങ്ങൾ പാലിക്കാതെയാണ് ഉയർന്ന വോൾട്ടേജുള്ള ലൈനുകൾക്ക് സമീപം കെട്ടിടം പണിതത്. ഹെവി പ്രസരണം മൂലം താമസക്കാരുടെ വൈദ്യുതി ഉപകരണങ്ങൾ നശിക്കുകയാണ്. മിക്സി, ടി.വി, ഫ്രിഡ്ജ് അടക്കം തകരാറിലായി. 36 ഫാനുകൾ കേടായി.
സീവേജ് സംവിധാനമില്ല
420 ഓളം താമസക്കാർ ഉള്ളിടത്ത് സീവേജ് സംവിധാനം ഒരുക്കാതെ സെപ്റ്റിക് ടാങ്കുകളാണ് പണിതത്. ടാങ്കുകൾ നിറഞ്ഞ് റോഡിലേക്കും സമീപത്തെ കോളനിയിലേക്കും ഒഴുകുന്നതായി പരാതിയുണ്ട്. മാലിന്യശേഖരണ വാഹനങ്ങളിലാണ് മാലിന്യം കൊണ്ടുപോകുന്നത്. വാഹനം രണ്ട് നാൾ വരാതിരുന്നാൽ നാട്ടുകാരുടെ പരാതി ഉയരും.
40 കൊല്ലം അനുഭവിക്കാത്ത ദുരിതം
നാൽപത് കൊല്ലം കടവന്ത്ര പി ആൻഡ് ടി കോളനിയിൽ അനുഭവിക്കാത്ത ദുരിതമാണ് കഴിഞ്ഞ രണ്ടര വർഷമായി അനുഭവിക്കുന്നതെന്ന് താമസക്കാരിയായ തങ്കമണി ആൻസിലിൻ പറഞ്ഞു. ഇതിലും ഭേദം പഴയ കോളനി തന്നെയാണെന്നും അവർ പറയുന്നു.
മക്കളും പേരക്കുട്ടികളും ഫ്ലാറ്റിൽ ദുരിതം പേറുകയാണെന്ന് മറ്റൊരു താമസക്കാരി ലളിത. അതിനു പുറമെയാണ് ഉത്തരവാദിത്തപ്പെട്ടവരുടെ അവഹേളനവും. സാധാരണക്കാരായി ജനിച്ചതാണോ തങ്ങളുടെ തെറ്റ് എന്നാണ് ഏറെ സങ്കടത്തോടെ ലളിതയുടെ ചോദ്യം.
പ്രതി ജി.സി.ഡി.എ എന്ന് നിർമാണക്കമ്പനി
മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ പിഴവുകൾക്ക് കാരണം ജി.സി.ഡി.എ വരുത്തിയ മാറ്റങ്ങളാണെന്ന് കാണിച്ച് കരാർ കമ്പനിയായ ടി.ഡി.എൽ.സി അധികൃതർക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവന്നു. പദ്ധതിയുടെ രൂപകൽപ്പനയിൽ റൂഫിങ് ഷീറ്റ് ഒഴിവാക്കുക, ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഉപയോഗിക്കുക, സൺഷേഡുകളുടെ പ്രൊജക്ഷൻ കുറയ്ക്കുക തുടങ്ങി മാറ്റങ്ങൾ നിർദേശിച്ചത് ജി.സി.ഡി.എ ആണ്. മാലിന്യസംസ്കരണം ലക്ഷ്യമിട്ടുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് വെട്ടിച്ചുരുക്കി സെപ്റ്റിക് ടാങ്കാക്കിയതും ജി.സി.ഡി.എയുടെ തീരുമാനമാണെന്നാണ് കമ്പനിയുടെ വിശദീകരണം.
തുടക്കത്തിൽ 20 കോടിയായിരുന്ന പദ്ധതി തുക. എന്നാൽ, സൗകര്യങ്ങളും അനുബന്ധ സംവിധാനങ്ങളും വെട്ടിച്ചുരുക്കി ജി.സി.ഡി.എ കരാർ തുക 14.61 കോടിയായി കുറച്ചു. 90 ശതമാനം നിർമാണപ്രവൃത്തികളും പൂർത്തിയാക്കി 2024ൽ ടി.ഡി.എൽ.സി പണി അവസാനിപ്പിച്ചു. ആകെ 13.25 കോടിയുടെ ബില്ല് സമർപ്പിച്ചെങ്കിലും 11.72 കോടി മാത്രമാണ് ലഭിച്ചത്. ജി.സി.ഡി.എയുടെ നടപടികൾ കാരണം തങ്ങൾക്ക് 5.50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ടി.ഡി.എൽ.സിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.