കണ്ടന്തറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പ് ഹൗസ്
കണ്ടന്തറ ലിഫ്റ്റ് ഇറിഗേഷന്‍; അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ജനപ്രതിനിധികൾ
പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ കണ്ടന്തറ മേഖലയില്‍ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയമായ കണ്ടന്തറ ലിഫ്റ്റ് ഇറിഗേഷന്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീദ ശരീഫ്, വൈസ് പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, പഞ്ചായത്ത് അംഗം എം.ഐ. അബ്ബാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10 വാര്‍ഡുകളിലായി അയ്യായിരത്തോളം ആളുകള്‍ക്ക് ആശ്രയമാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ലിഫ്റ്റ് ഇറിഗേഷന്‍. അന്തരിച്ച പി.പി. തങ്കച്ചന്‍ നിയമസഭ സ്പീക്കറായിരുന്ന കാലത്താണ് ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
നിലവില്‍ പ്രദേശത്ത് രൂക്ഷമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവുമാണ് അനുഭവപ്പെടുന്നത്. കണ്ടന്തറ മസ്ജിദ് പ്രദേശം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമായിട്ടും പദ്ധതിയിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പെരുമ്പാവൂര്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗം തയാറായിട്ടില്ലെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു.
ചെറിയ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ പമ്പിങ് സാധ്യമാകുമെന്നിരിക്കെ, പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ല. പ്രശ്‌നത്തില്‍ ഉദ്യോഗസ്ഥര്‍ ഇനിയും കാലതാമസം വരുത്തിയാല്‍ ജനങ്ങളെ അണിനിരത്തി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ജനപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, മനോജ് മൂത്തേടന്‍ എം.എല്‍.എ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വെള്ളം പമ്പ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന ധാരണയില്‍ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.