ഉന്നക്കുപ്പയിൽ എം.സി റോഡരുകിൽ തള്ളിയ മാലിന്യം
മൂവാറ്റുപുഴ: ഉന്നക്കുപ്പയിൽ എം.സി റോഡരികിൽ മാലിന്യം തള്ളിയ ആൾക്ക് ഒരു ലക്ഷം രൂപ പിഴയീടാക്കി മാറാടി ഗ്രാമപഞ്ചായത്ത്. മൂവാറ്റുപുഴ മാർക്കറ്റിൽനിന്നുള്ള പച്ചക്കറി വേസ്റ്റും ഭക്ഷണാവശിഷ്ടങ്ങളും അന്തർ സംസ്ഥാന തൊഴിലാളികളുടെ അടിവസ്ത്രമടക്കം 31 ചാക്കിലായി മാലിന്യം കൊണ്ടുവന്നാണ് കഴിഞ്ഞരാത്രി തള്ളിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാർഡ് അംഗം രതീഷ് ചങ്ങാലിമറ്റം, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോൺ, ഹരിതകർമ സേന അംഗങ്ങൾ എന്നിവർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. ഈസ്റ്റ് മാറാടി ഉന്നകുപ്പയിൽ ശുചിമുറി മാലിന്യം തള്ളിയ വണ്ടി കസ്റ്റഡിയിൽ എടുക്കുകയും കേസ് എടുക്കുകയും ചെയ്തു. കായനാട് പാടം മലിനമാക്കിയ പന്നി ഫാം ഉടമയിൽനിന്ന് 50,000 രൂപ ഈടാക്കി.
കായനാട് ഗ്രൗണ്ടിന് സമീപം മാലിന്യം തള്ളിയ അധ്യാപികക്കെതിരെ മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് മുമ്പാകെ കേസ് ഫയൽ ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ നിന്നും, കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തരം തിരിക്കാതെ നിക്ഷേപിച്ചവർക്കെതിരെ പിഴ ചുമത്തിയതും ഉൾപ്പെടെ 4,60,000 രൂപ പിഴയീടാ മാലിന്യ നിക്ഷേപിച്ച ഹോട്ടൽ ഉടമയിൽനിന്ന് 50,000 പിഴ ഈടാക്കി.
മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും പ്ലാസ്റ്റിക് തരംതിരിച്ച് ഹരിതകർമ സേനയ്ക്ക് യൂസർ ഫീ നൽകി കൈമാറാത്തവർക്കെതിരെയും പഞ്ചായത്ത് കർശന നടപടികളെടുക്കുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ 18 എ.ഐ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.