കൊച്ചി: ഗുരുതരമല്ലാത്ത ചെറുകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും ആദ്യ വിചാരണ നേരിടുന്നവരുമായ കൗമാരക്കാരായ കുറ്റവാളികളെ മാനസികവും സാമൂഹികവുമായി പരിവര്‍ത്തനം ചെയ്ത് സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരന്മാരാക്കാൻ ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന ‘നേർവഴി’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ മുന്നോട്ട്.
18നും 25നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതി ജില്ലയിൽ 2017ലാണ് നടപ്പാക്കി തുടങ്ങിയത്. ഇതുവരെ 120ഓളം കുറ്റവാളികളെ പദ്ധതി വഴി പുനരധിവസിപ്പിച്ചു. നിലവിൽ 46 യുവാക്കളാണ് പദ്ധതിയുടെ കീഴിലുള്ളത്. കഴിഞ്ഞ വർഷം ഇത് 72 ആയിരുന്നു.
ജയിലുകളിലും ബോസ്റ്റൽ സ്കൂളുകളിലും ഉള്ളവർക്ക് സാക്ഷരത മിഷൻ സഹായത്തോടെ വിദ്യാഭ്യാസം, മിത്രം പദ്ധതി വഴി തൊഴിൽ അധിഷ്ഠിത കോഴ്സുകൾ, കൗൺസിലിങ് സേവനങ്ങൾ, ബോധവൽകരണ ക്ലാസ്സുകൾ തുടങ്ങിയവ പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.
മദ്യപാന ആസക്തി കുറക്കാൻ ഡീ അഡിക്ഷൻ സേവനങ്ങൾ, വീട് ഇല്ലാത്തവർക്ക് സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലെ സ്ഥാപനങ്ങളിൽ താമസ സൗകര്യം എന്നിവയും ഒരുക്കുന്നു. തൊഴിൽ പരിശീലത്തിന് ശേഷം സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് പ്രാപ്തരാക്കിയാണ് ഇവരെ പറഞ്ഞയക്കുക. പഠനം മുടങ്ങിയവരാണെങ്കിൽ വിദ്യാഭ്യാസം നൽകി തത്തുല്യ പരിക്ഷ എഴുതി പാസ്സാകുന്നത് വരെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വിദ്യാഭ്യാസവും പരിശീലനവും ലഭിച്ച് പുറത്തിറങ്ങുന്നവർ വീണ്ടും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനുള്ള തുടർ നടപടികളുമുണ്ട്. ഗൃഹ സന്ദർശനം നടത്തിയും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടും ഇവരുടെ തുടർകാര്യങ്ങൾ വിലയിരുത്തുകയാണ് ചെയ്യുക.
ജയിൽ സൂപ്രണ്ട്, വെൽഫെയർ ഓഫിസർ എന്നിവർ മുഖേന ജയിലിൽ സന്ദർശനം നടത്തിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടവരെ കണ്ടെത്തുക. കണ്ടെത്തിയ കുറ്റവാളികളോടും കുടുംബത്തോടും സംസാരിച്ച് ആവശ്യങ്ങൾ മനസിലാക്കിയതിന് ശേഷം അവരുടെ സമ്മതപ്രകാരം മാത്രമെ പദ്ധതിയിൽ ഉൾപ്പെടുത്തൂ.
പദ്ധതി വഴി പുനരധിവസിപ്പിക്കപ്പെട്ടവർ മറ്റ് കുറ്റവാളികൾക്ക് മികച്ച മാതൃകയാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ അയൽക്കാർ തമ്മിലുള്ള തർക്കത്തിൽ തന്റെ മാതാവിനെ സംരക്ഷിക്കാൻ ചെന്ന മകൻ പിന്നീട് കേസിൽ പെട്ട് ജയിലിൽ ആവുകയും പഠനം മുടങ്ങുകയും ചെയ്തിരുന്നു.
യുവാവിനെ പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രിക്കൽ ഉപകരണ പരിശീലനവും ടൂൾ കിറ്റും ലഭ്യമാക്കി. ഇപ്പോൾ യുവാവ് ജോലി ചെയ്ത് സ്വന്തമായി വരുമാനം കണ്ടെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.