പണിമുടക്കിനെത്തുടർന്ന് വിജനമായ എറണാകുളം മാർക്കറ്റ് റോഡ്
കൊച്ചി: കേന്ദ്രസർക്കാറിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. ചൊവ്വാഴ്ച രാത്രി 12 മുതൽ ആരംഭിച്ച പണിമുടക്കിൽ ഭൂരിഭാഗം പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും കടകൾ, ഹോട്ടലുകൾ തുടങ്ങിയവയും അടഞ്ഞുകിടന്നു.
സ്വകാര്യ ബസുകളും നിരത്തിൽ ഇറങ്ങിയില്ല. മെട്രോ പൂർണമായി സർവിസ് നടത്തി. കെ.എസ്.ആർ.ടി.സി ചുരുക്കം സർവിസ് നടത്തിയെങ്കിലും പലയിടത്തും സമരക്കാർ തടഞ്ഞു. ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊതുവെ പണിമുടക്ക് ശാന്തമായിരുന്നു.
പണിമുടക്കിനെ തുടർന്ന് ഭൂരിഭാഗം പൊതുഗതാഗതവും തടസ്സപ്പെട്ടപ്പോൾ സർവിസ് നടത്തിയ മെട്രോയിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. മെട്രോക്ക് പുറമെ ട്രെയിനുകളിലും തിരക്കുണ്ടായി. സ്വകാര്യ ബസ് പണിമുടക്ക് ആയിരുന്നതിനാൽ ചൊവ്വാഴ്ചയും മെട്രോയിലും ട്രെയിനുകളിലും വലിയ തിരക്കുണ്ടായിരുന്നു.
എറണാകുളം ഡിപ്പോയിൽ ബസുകൾ രാവിലെ സർവിസ് നടത്താൻ ശ്രമിച്ചെങ്കിലും സമരക്കാർ തടഞ്ഞതോടെ റദ്ദാക്കി. ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ ഡിപ്പോകളിലും ബസുകൾ പൂർണമായും പണിമുടക്കി. അങ്കമാലി ഡിപ്പോയിൽനിന്ന് സർവിസ് ആരംഭിച്ച ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ സമരക്കാർ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് പുനരാരംഭിച്ചു.
മൂവാറ്റുപുഴയിൽ കോഴിക്കോട്-പാലാ റൂട്ടിൽ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിനു നേരെ ഉണ്ടായ കല്ലേറിൽ ചില്ല് തകർന്ന് കണ്ടക്ടർ ഈരാറ്റുപേട്ട സ്വദേശി ബി. ഷബീറിന് പരിക്കേറ്റു. സംഭവം കാമറയിൽ പകർത്തുന്നതിനിടെ പ്രാദേശിക ചാനൽ റിപ്പോർട്ടർ അനൂപ് സത്യനെയും സമരാനുകൂലികൾ അക്രമിച്ചു. പരിക്കേറ്റ അനൂപിനെ സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. അങ്കമാലിയിൽ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ച തൃശൂർ മേയർ എം.കെ. വർഗീസിനെ അങ്കമാലിയിൽ സമരക്കാർ തടഞ്ഞ് വഴി തിരിച്ചുവിട്ടു.
രാവിലെ 10നാണ് തൃശൂരിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മേയറുടെ വാഹനം അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സി.ഐ.ടി.യു, എ.ഐ.ടി.യു.സി പ്രവർത്തകർ തടഞ്ഞത്. അതേസമയം, ചില കച്ചവട സ്ഥാപനങ്ങളും ബാങ്കുകളും രാവിലെ തുറന്ന് പ്രവർത്തിക്കാൻ ശ്രമം നടന്നെങ്കിലും സമരാനുകൂലികളെത്തി തടഞ്ഞു.
പണിമുടക്കിനോടനുബന്ധിച്ച് തൊഴിലാളികൾ പഞ്ചായത്ത്/മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. 35 കേന്ദ്രങ്ങളിൽ ധർണ നടത്തി. എറണാകുളം ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ടി.സി. സഞ്ജിത് അധ്യക്ഷത വഹിച്ചു. പി.ആർ. മുരളീധരൻ സ്വാഗതം പറഞ്ഞു. സി.എൻ. മോഹനൻ, കെ.എൻ. ഗോപിനാഥ്, ടോമി മാത്യു, ഡോ. സെബാസ്റ്റ്യൻ പോൾ, ആർ. ഗോപകുമാർ, കെ.കെ. സുനിൽകുമാർ, സന്തോഷ് പി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
പാലാരിവട്ടത്ത് നടന്ന ധർണ സി.പി.എം ജില്ല സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. സന്തോഷ്ബാബു അധ്യക്ഷത വഹിച്ചു. കെ.ടി. എൽദോ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.