കൊച്ചി കോർപറേഷൻ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് എറണാകുളം ടൗൺഹാളിൽ
വീണ്ടും നടന്നപ്പോൾ
കൊച്ചി: ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനിലും അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്ന ചർച്ചകൾ തെരഞ്ഞെടുപ്പിന് മുന്നേ സജീവമാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോയിടങ്ങളിലേയും അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം ഏത് വിധത്തിലാണെന്ന് തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.
അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള വനിത, പട്ടികജാതി-പട്ടികവർഗ്ഗ വനിത, പട്ടികജാതി, പട്ടികവർഗ്ഗ സംവരണ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ചർച്ചകളെ ചൂടുപിടിപ്പിച്ച് സ്ഥാനാർഥി നിർണയമടക്കം കാര്യങ്ങളിലേക്ക് നേതാക്കളെ കൂടുതൽ അടുപ്പിച്ചിരിക്കുകയാണ് പുറത്തുവന്ന പട്ടിക.
ജില്ലയിലെ ചിറ്റാറ്റുകര, ആമ്പല്ലൂർ, കോട്ടപ്പടി പഞ്ചായത്തുകളിൽ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണമായിരിക്കും. കോട്ടുവള്ളി, ഏഴിക്കര, ആലങ്ങാട്, കടുങ്ങല്ലൂർ, മൂക്കന്നൂർ, അയ്യമ്പുഴ, മലയാറ്റൂർ- നീലീശ്വരം, മുടക്കുഴ, രായമംഗലം, ഒക്കൽ, വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, ചേരാനെല്ലൂർ, മുളവുകാട്, ഞാറക്കൽ, കുഴുപ്പിള്ളി, ചെല്ലാനം, കുമ്പളം, എടക്കാട്ടുവയൽ, മണീട്, പൂത്തൃക്ക, തിരുവാണിയൂർ, മഴുവന്നൂർ, നെല്ലിക്കുഴി, കവളങ്ങാട്, വാരപ്പെട്ടി, കീരമ്പാറ, കുട്ടമ്പുഴ, പാമ്പാക്കുട, രാമമംഗലം, നെടുമ്പാശ്ശേരി, പാറക്കടവ്, ശ്രീമൂലനഗരം, പായിപ്ര, കല്ലൂർക്കാട്, മാറാടി, വാളകം എന്നീ പഞ്ചായത്തുകളിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വനിതകളെത്തും. കാലടി, കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സ്ത്രീ സംവരണമാണ്.
നിലവിൽ യു.ഡി.എഫ് ഭരണസമിതിയുള്ള മൂവാറ്റുപുഴ നഗരസഭയിൽ വരുന്ന തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് വനിത സംവരണമായിരിക്കും. നിലവിൽ പി.പി. എൽദോസാണ് ഇവിടുത്തെ അധ്യക്ഷൻ. എൽ.ഡി.എഫ് ഭരണ സമിതി നിലവിലുള്ള കോതമംഗലം നഗരസഭയിലും അടുത്ത തവണ അധ്യക്ഷ സ്ഥാനം വനിത സംവരണമായിരിക്കും.
കെ.കെ. ടോമിയാണ് നിലവിലെ അധ്യക്ഷൻ. യു.ഡി.എഫിലെ പോൾ പാത്തിക്കൽ നിലവിൽ അധ്യക്ഷനായിട്ടുള്ള പെരുമ്പാവൂർ നഗരസഭയും അടുത്ത തവണ വനിത സംവരണമായിരിക്കും. യു.ഡി.എഫിലെ എം.ഒ. ജോൺ നിലവിൽ അധ്യക്ഷനായ ആലുവ നഗരസഭയിലും ഇനി വനിത അധ്യക്ഷയാകും. നിലവിൽ യു.ഡി.എഫിലെ അഡ്വ. ഷിയോ പോൾ അധ്യക്ഷനായ അങ്കമാലി നഗരസഭയിലും എൽ.ഡി.എഫിലെ എ.ഡി. സുജിൽ അധ്യക്ഷനായ ഏലൂർ നഗരസഭയിലും യു.ഡി.എഫിലെ ആന്‍റണി ആശാംപറമ്പിൽ അധ്യക്ഷനായ മരട് നഗരസഭയിലും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വനിത അധ്യക്ഷയെത്തും.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണമാണ്. അങ്കമാലി, വാഴക്കുളം, മുളന്തുരുത്തി, വടവുകോട്, കോതമംഗലം, പാറക്കടവ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തുകളിൽ വനിത പ്രസിഡന്‍റുമാരായിരിക്കും.
കൊച്ചി: ഒരിടവേളക്കുശേഷം കൊച്ചി കോർപറേഷന് വീണ്ടും വനിത മേയർ. മൂന്നാം തവണയാണ് കൊച്ചിക്ക് വനിത മേയർ വരുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് കൊച്ചി ഉൾപ്പെടെ കോർപറേഷനുകളുടെ സംവരണം പ്രഖ്യാപിച്ചത്. നിലവിൽ എൽ.ഡി.എഫിലെ എം. അനിൽകുമാറാണ് മേയർ. ഇതിനുതൊട്ടുമുമ്പത്തെ കാലയളവിൽ (2015-20) യു.ഡി.എഫിലെ സൗമിനി ജെയിൻ ആയിരുന്നു മേയർ. 2005 മുതൽ 2010 വരെ കൊച്ചി കോർപറേഷന്റെ സാരഥ്യത്തിലുണ്ടായിരുന്ന മേഴ്സി വില്യംസാണ് മേയർ പദവി വഹിച്ച ആദ്യ വനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.