ഫുഡ് ഫെസ്റ്റിൽ ഭക്ഷണം തയാറാക്കുന്ന കുടുംബശ്രീ പ്രവർത്തകർ. ഫോട്ടോ; രതീഷ് ഭാസ്കർ
കൊച്ചി: കൊതിയൂറും വിഭവങ്ങളൊരുക്കി രുചിയുടെ വൈവിധ്യങ്ങൾ തീർക്കുകയാണ് കുടുംബശ്രീയുടെ ജില്ലതല ഫുഡ് ഫെസ്റ്റ്. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ, നബാർഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ് മറൈൻ ഡ്രൈവിലാണ് നടക്കുന്നത്. രുചിയന്വേഷകരുടെ മനസ്സും വയറും നിറക്കുന്ന വിഭവങ്ങളൊരുക്കുന്ന ഫുഡ് ഫെസ്റ്റ് 27ന് സമാപിക്കും. രാവിലെ മുതൽ രാത്രി വരെ നീളുന്ന ഫെസ്റ്റിൽ തിരക്കേറിയിട്ടുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടാണ് പരിപാടി.
ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ സംരംഭകരുടെ നിരവധി വിഭവങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. ചൂടൻ ചായയും പഴംപൊരിയും അടക്കമുള്ള ചെറുകടികൾ മുതൽ ബിരിയാണി വരെയുള്ള വിഭവങ്ങൾ ഇവിടെ റെഡിയാണ്. ഒപ്പം പച്ചമാങ്ങ ജ്യൂസും നെല്ലിക്ക ജ്യൂസും മറ്റ് ഫ്രഷ് ജ്യൂസുകളുമെല്ലാം സ്റ്റാളിൽ ലഭിക്കും. മധുരപ്രേമികൾക്കായി മുളയരിപ്പായസവും പാലടയും അടപ്രഥമനും സുലഭമാണ്. കപ്പയും മീൻകറിയും കപ്പയും ബീഫും പിടിയും കോഴിക്കറിയും പാൽക്കപ്പയും കപ്പബിരിയാണിയുമെല്ലാം സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. ഊണും മീൻകറിയും നൈസ് പത്തിരിയും ചപ്പാത്തിയും ബട്ടൂരയും മൂന്ന് തരത്തിലുള്ള പുട്ടും ഇവിടെ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നുണ്ട്.
ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള സംരംഭകരുടെ വിപണന സ്റ്റാളുകളും ശ്രദ്ധേയമാണ്. ഇവിടെ കുടുംബശ്രീ അംഗങ്ങളുടെ വിവിധ ഉൽപന്നങ്ങളും ലഭ്യമാണ്. വിവിധ തരത്തിലുള്ള ഗൃഹോപകരണങ്ങളും അച്ചാറുകളടക്കമുള്ള ഉൽപന്നങ്ങളും കരകൗശല സാമഗ്രികളും ഒരുക്കിയിട്ടുണ്ട്.
ഫുഡ് ഫെസ്റ്റിൽ ജ്യൂസ് സ്റ്റാളിലെത്തിയ കന്യാസ്ത്രീകൾ
പ്രദർശനം കാണുന്നതോടൊപ്പം താൽപര്യമുള്ള സാമഗ്രികൾ വാങ്ങി ഫുഡ് ഫെസ്റ്റിലെത്തി രുചിവൈവിധ്യം ആസ്വദിച്ച് മടങ്ങത്തക്ക വിധമാണ് സ്റ്റാളുകളുടെ ക്രമീകരണം. ഈ മാസം 13 മുതൽ 17 വരെ ഫോർട്ട്കൊച്ചിയിൽ നടത്തിയ ശേഷമാണ് ഫെസ്റ്റ് മറൈൻ ഡ്രൈവിലേക്കെത്തിയത്.
പട്ടികവർഗ വിഭാഗത്തിലെ സംരംഭകരെ വാർത്തെടുക്കാൻ കുടുംബശ്രീ ആവിഷ്കരിച്ച കെ-ടിക് പദ്ധതിയിലെ ഗുണഭോക്താക്കളായിരുന്നു ഞായറാഴ്ച ഫെസ്റ്റിലെ അതിഥികൾ. കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിലെ വിവിധ സങ്കേതങ്ങളിലെ അമ്പതോളം യുവസംരംഭകരാണ് എത്തിയത്.
കെ.എസ്.ആർ.ടി.സി ബസിൽ ആലുവയിലെത്തി മെട്രോ വഴി കൊച്ചിയിലും ബസ് മാർഗം ഫോർട്ട്കൊച്ചിയിലുമെത്തി വാട്ടർമെട്രോ വഴിയാണ് ഇവർ മറൈൻഡ്രൈവിലെ ഫെസ്റ്റിലേക്കെത്തിയത്. നഗരത്തിലെ വിസ്മയക്കാഴ്ചകൾ കണ്ട അവർക്ക് കുടുംബശ്രീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണവുമൊരുക്കി. തുടർന്നാണ് അവർ നാട്ടിലേക്ക് മടങ്ങിയത്. ജില്ല മിഷൻ കോഓഡിനേറ്റർ ടി.എം. റജീന, മിഷൻ അസിസ്റ്റന്റ് കോഓഡിനേറ്റർ കെ.സി. അനുമോൾ, പ്രോഗ്രാം മാനേജർ സെയ്തുമുഹമ്മദ്, കെ-ടിക് ഇൻക്യൂബേറ്റർമാർ, അനിമേറ്റർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.