ഗാർഹിക പാചകവാതകം; ശക്തമായ നടപടിയുമായി ജില്ല ഭരണകൂടം

കൊച്ചി: ഗൾഫ് സംഘർഷത്തെ തുടർന്നുണ്ടായ പാചക വാതക പ്രതിസന്ധി നേരിടാൻ കർശന നടപടിയുമായി ജില്ല ഭരണകൂടം. വാണിജ്യ പാചകവാതക വിതരണത്തിലെ പ്രതിസന്ധി ഗാർഹിക മേഖലയിലേക്കും പടരാതിരിക്കാനാണ് നടപടി ശക്തമാക്കുന്നത്.

ഇതിന്‍റെ ഭാഗമായി അനുമതിയില്ലാതെ 100 കിലോയിലധികം പാചകവാതകം സൂക്ഷിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കലക്ടർ ജി. പ്രിയങ്ക നിർദേശം നൽകി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാലും കർശന നടപടി സ്വീകരിക്കും.

ജില്ലയിൽ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതതല യോഗം ചേരുകയും ചെയ്തു. ജില്ലയിൽ ഗാർഹിക ആവശ്യ സിലിണ്ടറുകളുടെ വിതരണത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും യോഗ ശേഷം കലക്ടർ അറിയിച്ചു. പാചകവാതക വിതരണം സുഗമമായി തുടരുന്നതിന് നടപടികൾ സ്വീകരിച്ചതായും കലക്ടർ വ്യക്തമാക്കി.

പാചക വാതക ഏജൻസി പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ, ഉപഭോക്തൃ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയാൻ ജില്ലയിൽ പരിശോധനയും കർശനമാക്കി. വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഏഴു താലൂക്കുകളിലായി ഒമ്പത് സ്‌ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്.

ഗ്യാസ് ഏജൻസികളിൽ നിന്നും സിലിണ്ടറുകൾ നേരിട്ട് ‘ക്യാഷ് ആൻഡ് ക്യാരി’ രീതിയിൽ നൽകുന്നത് കർശനമായി തടയും. സിലിണ്ടറുകൾക്കായി ഉപഭോക്താക്കൾ ഏജൻസികളിലോ ഗോഡൗണുകളിലോ നേരിട്ട് എത്തരുതെന്നും ജില്ല ഭരണകൂടം അറിയിച്ചു.

പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ ജില്ല സപ്ലൈ ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലുമുള്ള മോണിറ്ററിങ് സെല്ലുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്നും ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് വിതരണത്തിൽ മുൻഗണന നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥ മന്ദിരങ്ങൾ, സാമൂഹിക നീതിവകുപ്പിന്‍റെ അംഗീകാരമുള്ള വൃദ്ധ സദനങ്ങൾ തുടങ്ങിയവക്ക് വാണിജ്യ സിലിണ്ടർ ലഭ്യത ഉറപ്പു വരുത്തി.

അടുത്ത 25 ദിവസത്തെ ബുക്കിംഗിന് ആവശ്യമായ സിലിണ്ടർ കമ്പനികളിൽ സ്റ്റോക്കുണ്ട്. പെട്ടെന്നുള്ള കൂട്ട ബുക്കിംഗ് കാരണം ഓയിൽ കമ്പനികളുടെ സോഫ്റ്റ്‌വെയറിൽ ചില സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും കലക്ടർ അറിയിച്ചു.

Tags:    
News Summary - cooking gas; District administration takes strong action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.