കൊച്ചി നഗരസഭയുടെ ഇന്ദിര കാന്‍റീൻ ഉദ്ഘാടനം ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പി ഹൈബി ഈഡൻ, എം.എൽ.എ ഉമാ തോമസ്, മേയർ വി.കെ. മിനിമോൾ
എന്നിവർ ഭക്ഷണം രുചിച്ച് നോക്കുന്നു
കൊച്ചി: സാധാരണക്കാർക്ക് 50 രൂപക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകുന്ന കൊച്ചി നഗരസഭയുടെ ഇന്ദിര കാന്‍റീന് തുടക്കമായി. നഗരസഭയുടെ ഇടപ്പള്ളി സോണൽ ഓഫിസിൽ ആരംഭിച്ച ആദ്യ ഇന്ദിര കാന്‍റീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം മേയർ പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയിലെ സ്വപ്ന പദ്ധതിയാണ് ഇന്ദിര കാന്‍റീൻ.
സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മാലിന്യക്കൂമ്പാരമായി കാടുപിടിച്ച് കിടന്ന സ്ഥലം 20 ദിവസം കൊണ്ട് വൃത്തിയാക്കി മനോഹരമായ കാന്‍റീനാക്കി മാറ്റിയ നഗരസഭയെ അഭിനന്ദിക്കുന്നതായും ഇത് തനിക്ക് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു. ഈ സ്പീഡാണ് ഭരണത്തിൽ വേണ്ടതെന്നും സതീശൻ ചൂണ്ടിക്കാട്ടി. 50 ദിന കർമപരിപാടി പ്രഖ്യാപിച്ചപ്പോൾ ഇത്ര വേഗം അവയെല്ലാം നടപ്പാക്കുമെന്ന് കരുതിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
50 രൂപയുണ്ടെങ്കിൽ ഒരാൾക്ക് പട്ടിണിയില്ലാതെ ഒരു ദിവസം വയറ് നിറയെ ഭക്ഷണം കഴിക്കാമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ വി.കെ. മിനിമോൾ പറഞ്ഞു. നഗരസഭയുടെ അഭിമാന പദ്ധതിയായ സമൃദ്ധിയാണ് ഇന്ദിര കാന്‍റീനുകൾക്ക് ചുക്കാൻ പിടിക്കുന്നത്. സമൃദ്ധിയെ ആഗോള ബ്രാൻഡാക്കി മാറ്റുമെന്നും മേയർ പറഞ്ഞു.
രാവിലെ 8 മുതൽ രാത്രി 8 വരെയാണ് കാന്‍റീൻ പ്രവർത്തനം. തിങ്കളാഴ്ച മുതൽ കാന്‍റീൻ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. പ്രഭാത, രാത്രി ഭക്ഷണങ്ങൾക്ക് 10 രൂപ വീതവും ഉച്ചഭക്ഷണത്തിന് 30 രൂപയുമാണ് ഈടാക്കുക. ഐ.ഡി.ബി.ഐ ബാങ്കിന്‍റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഇടപ്പള്ളിയിലെ കാന്‍റീൻ യാഥാർഥ്യമാക്കിയത്. പശ്ചിമ കൊച്ചിയിൽ ഉടൻ ഇന്ദിര കാന്‍റീൻ തുറക്കും.
ഡെപ്യൂട്ടി മേയർ ദീപക് ജോയ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആന്‍റണി പൈനുതറ പദ്ധതി വിശദീകരിച്ചു. എം.പി ഹൈബി ഈഡൻ, എം.എൽ.എമാരായ കെ. ബാബു, ഉമാ തോമസ്, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, മുൻ മന്ത്രി ഡൊമിനിക് പ്രസന്‍റേഷൻ, സ്ഥിരം സമിതി അധ്യക്ഷരായ ഷാകൃത സുരേഷ് ബാബു, ടി.കെ. അഷ്റഫ്, സീന ഗോകുലൻ, അഡ്വ. പി.എം. നസീമ, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, ഐ.ഡി.ബി.ഐ ബാങ്ക് ജനറൽ മാനേജർ ഷിജു വർഗീസ് എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി പി.എസ്. ഷിബു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.