എൻ. പ്രദീപൻ
കൊച്ചി: കൺസ്ട്രക്ഷൻ കമ്പനി അധികൃതരിൽ നിന്ന് വൈദ്യുതി കണക്ഷന് സ്ഥിരപ്പെടുത്താൻ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കെ.എസ്.ഇ.ബി അസി. എൻജിനീയര്‍ വിജിലന്‍സ് പിടിയിലായി. തേവര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എൻജിനീയർ പാലാരിവട്ടം സ്വദേശി എൻ. പ്രദീപനെയാണ് വിജിലൻസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സ്വകാര്യ കണ്‍സ്ട്രക്ഷൻ കമ്പനിയിലെ അസി. മാനേജരുടെ പരാതിയിലാണ് നടപടി.
ബുധനാഴ്ച വൈകീട്ട് 5.55ന് തേവര ജങ്ഷൻ ബസ് സ്റ്റോപ്പില്‍ വച്ച് പ്രദീപൻ പരാതിക്കാരനില്‍ നിന്നും 90,000 രൂപ കൈക്കൂലി വാങ്ങവെയാണ് പിടികൂടിയത്. പനമ്പിള്ളി നഗറിന് സമീപം കമ്പനി പണിത നാലു നില കെട്ടിടത്തിനായി താൽക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. നിർമാണം പൂർത്തിയായപ്പോൾ കെട്ടിടത്തിലേക്ക് സ്ഥിരം കണക്ഷന് സ്ഥാപിക്കാൻ കെട്ടിട ഉടമയും പരാതിക്കാരനും തേവര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തി.
അസി. എൻജിനീയർ പ്രദീപനെ നേരിട്ട് കണ്ടാല്‍ മാത്രമേ താല്‍ക്കാലിക വൈദ്യുതി കണക്ഷന് സ്ഥിരമാക്കാൻ പറ്റുകയുള്ളൂ വെന്നാണ് ഓഫീസില്‍ നിന്ന് ഇരുവർക്കും ലഭിച്ച വിവരമെന്ന് വിജിലൻസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും പ്രദീപനെ നേരിട്ട് കണ്ടു. സ്ഥിര കണക്ഷന് നല്‍കാനും മറ്റ് ബുദ്ധിമുട്ടുകളിൽ നിന്ന് ഒഴിവാക്കാനും പ്രദീപൻ 1,50,000 കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി പണവുമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഫോണ്‍ വിളിച്ചിട്ട് ചെല്ലാനും ആവശ്യപ്പെട്ടു. പരാതിക്കാരന് ഈ വിവരം എറണാകുളം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. പ്രദീപനെ വ്യാഴാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.