കൊച്ചി: രണ്ട് പതിറ്റാണ്ട് നീളുമ്പോഴും അനിശ്ചിതത്വമൊഴിയാതെ തങ്കളം-കാക്കനാട് നാലുവരിപ്പാത. ജില്ലയിലെ നാല് നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന പാതയാണ് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും സാങ്കേതിക കുരുക്കിൽ കുരുങ്ങുന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മനയ്ക്കകടവിൽനിന്ന് ആരംഭിച്ച് കോതമംഗലം നിയോജക മണ്ഡലത്തിലെ തങ്കളത്ത് അവസാനിക്കുന്ന രീതിയിലാണ് പാതയുടെ അലൈൻമെന്റ്. 2006ൽ ആരംഭിച്ച പദ്ധതി ഐ.ആർ.സി മാനദണ്ഡങ്ങളിൽ കുരുങ്ങി പ്രതിസന്ധിയിലായതോടെ ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിൽ നിർണായകമാകേണ്ടിയിരുന്നു മറ്റൊരു പദ്ധതികൂടി അകാല ചരമമടയുകയാണ്.
രണ്ട് പതിറ്റാണ്ട്; നിർമാണം പൂർത്തിയാക്കിയത് നാമമാത്രം
27.32 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നാമമാത്ര ഭാഗത്താണ് നിർമാണം നടന്നത്. അത് കോതമംഗലം നിയോജക മണ്ഡലത്തിലെ തങ്കളം മുതൽ ഇളമ്പ്രവരെയാണ്. കോതമംഗലം(7.32 കി.മീ), മൂവാറ്റുപുഴ (1.74 കി.മീ), പെരുമ്പാവൂർ (1.26 കി.മീ), കുന്നത്തുനാട്(17 കി.മീ)എന്നിങ്ങനെയാണ് നിർദിഷ്ട പാത കടന്ന് പോകുന്നത്. നിലവിൽ കൊച്ചി നഗരത്തിൽനിന്ന് 55 കിലോമീറ്ററോളം ദൂരമുണ്ട് കോതമംഗലത്തേക്ക്. പാത യാഥാർഥ്യമാകുന്നതോടെ ഇത് 27.32 കിലോമീറ്ററായി കുറയുമെന്നും കണക്കാക്കപ്പെട്ടു. 2006ൽ ഉപഗ്രഹ സർവേ പൂർത്തിയാക്കി 2009ൽ ഭരണാനുമതി നൽകി. 2015ലെ സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിച്ചു. തുടർന്ന് ഒന്നാം പിണറായി സർക്കാറിന്റെ ആദ്യവർഷം മറ്റൊരു 67 കോടിയും അനുവദിച്ചു. ഈ തുകയാണ് പ്രാരംഭ നിർമാണത്തിന് ഉപയോഗിച്ചത്.
പ്രതിസന്ധിയായി ഐ.ആർ.സി മാനദണ്ഡങ്ങൾ
ഐ.ആർ.സി മാനദണ്ഡപ്രകാരമുള്ള ഗ്രേഡിയന്റ് ശതമാനം പലയിടത്തും അധികരിക്കുന്നതായി കണ്ടെത്തിയതാണ് പ്രതിസന്ധിയായത്. മാനദണ്ഡപ്രകാരമുള്ള കൂടിയ ഗ്രേഡിയന്റായ എട്ടു ശതമാനം പല സ്ഥലങ്ങളിലും അധികരിക്കുന്നതായും കീഴില്ലം മുതലുള്ള രണ്ടു കിലോമീറ്ററിൽ ഇത് 18 ശതമാനം വരെയാണെന്നും കണ്ടെത്തി.
ഇതോടെ പാതയുടെ നിലവിലെ അലൈൻമെന്റ് പ്രായോഗികമല്ലെന്ന് വിലയിരുത്തി പുതിയ പാരിസ്ഥിതിക പഠനത്തിന് ശിപാർശ നൽകി. 2023 മേയിൽ കിഫ്ബി ഉദ്യോഗസ്ഥർ അലൈൻമെന്റ് പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന് മനക്കകടവ് മുതൽ കോതമംഗലത്തെ തങ്കളം വരെയുള്ള അലൈൻമെന്റ് അനുയോജ്യമല്ലെന്ന് കിഫ്ബി സി.ഇ.ഒ റിപ്പോർട്ട് നൽകി.
സാധ്യത പഠന റിപ്പോർട്ടിനായി കാത്ത് അധികൃതർ
പാതയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം എം.എൽ.എ ആന്റണി ജോൺ നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. അതിന് 12ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിൽ ഇപ്രകാരമാണ് പറയുന്നത് ’സ്ഥലമേറ്റെടുപ്പ് നടപടി അവസാനഘട്ടത്തിലായ പദ്ധതിയുടെ കിഫ്ബിയിൽനിന്ന് ലഭ്യമായ പുതിയ ഡ്രാഫ്റ്റ് അലൈൻമെന്റിന്റെ സാധ്യത പരിശോധന കെ.ആർ.എഫ്.ബി എക്സി. എൻജിനീയറുടെ കാര്യാലയത്തിൽ നടന്നുവരുകയാണ്. പദ്ധതിയുടെ സി.എച്ച് 24/600 മുതൽ സി.എച്ച് 26/057 വരെയുള്ള ഭാഗം ഒഴിവാക്കിയതിന് ശേഷം കിഫ്ബി ടി.ആർ.സി വിഭാഗത്തിൽനിന്ന് സാധ്യത പഠന റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കാനാകും’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.