ഐ.എൻ.എസ്.സുദർശിനി പരിശീലന കപ്പൽ
മട്ടാഞ്ചേരി: ലോക പര്യടനത്തിനൊരുങ്ങി ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ ഐ.എൻ.എസ്.സുദർശിനി. ‘ലോകയൻ 26’ എന്ന പേരിലുള്ള കടൽയാത്ര ദൗത്യത്തിന് കൊച്ചി ദക്ഷിണ നാവിക സ്ഥാനത്ത് നിന്ന് ഇന്ന് തുടക്കം കുറിക്കും. ലോകയാൻ 26 കടൽ പരിശീലന ദൗത്യയാത്ര നേവൽ ബേസിലെ നോർത്ത് ജെട്ടിയിൽ രാവിലെ 10.45 ന് ഫ്ലാഗ് ഓഫ് ചെയ്യും. കമഡോർ രവികാന്ത് നന്ദൂരിയുടെ നേതൃത്വത്തിൽ പത്ത് മാസം നീളുന്ന യാത്രക്കിടെ 13 രാജ്യങ്ങളും 18 തുറമുഖങ്ങളും സന്ദർശിക്കും. 21 പോർട്ട് കോളുകളിലും പങ്കെടുക്കും.
20000 നോട്ടിക്കൽ മൈൽ ദൂരം യാത്രയാണ് ലക്ഷ്യമിടുന്നത്. നാവിക സേന - തീരദേശ രക്ഷാസേന എന്നിവയിൽ നിന്നുള്ള 265 പരിശീലന നാവികർ വിവിധ ഘട്ടങ്ങളിലായി യാത്രയുടെ ഭാഗമാകും. 2012 ജനുവരി 27ന് ദക്ഷിണ നാവിക സേനയുടെ ഭാഗമായി കമ്മീഷൻ ചെയ്ത ഐ.എ ൻ എസ് സുദർശിനി ക്ലാസ്സ് എ - ത്രി മാസ്റ്റഡ് ബാർക്ക് കപ്പലാണ്.
ഐ.എൻ.എസ് തരംഗിണിയുടെ പിന്മുറ പരിശീലന കപ്പലായാണ് വിലയിരുത്തുന്നത്. 54 മീറ്റർ നീളവും, ആയിരം ചതുരശ്ര മീറ്റർ വിസ്തീർണ്ണവും നാലര മീറ്റർ ആഴവുമുണ്ട് കപ്പലിന്. അഞ്ച് ഓഫിസർമാരും ,31 നാവികരും ,30 കാഡറ്റുകളെയും ഉൾക്കൊള്ളുന്ന കപ്പലിന് 20 ദിവസം കടലിൽ തങ്ങുവാനുള്ള സംവിധാനമുണ്ട്.
150 കാഡറ്റുകളുമായി ഒൻപത് ആ സിയാൻ രാജ്യങ്ങളും 13 തുറമുഖങ്ങളുമായി 127 ദിവസത്തെ തെക്കു കിഴക്കൻ ഏഷ്യൻ യാത്ര പൂർത്തിയാക്കി അടുത്തിടെ കൊച്ചിയിലെത്തിയതാണ് ഐ.എൻ.എസ്. സുദർശിനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.